‘ക്യാന്ത്’ ചുഴലിക്കാറ്റ് ദിശമാറി ആന്ധ്ര തീരത്തേയ്ക്ക് നീങ്ങുന്നു; ജാഗ്രതാ നിര്‍ദേശം


ബംഗാള്‍ ഉള്‍ക്കടലില്‍ ഉഗ്രരൂപം പ്രാപിച്ചുകൊണ്ടിരിക്കുന്ന ‘ക്യാന്ത്’ ചുഴലിക്കാറ്റ് തെക്കു- പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്നു. ആന്ധ്രാ തീരത്ത് വെള്ളിയാഴ്ച ചുഴലിക്കാറ്റ് അടിക്കുമെന്നാണ് കരുതുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണകേന്ദ്രമായ ‘സ്കൈമെറ്റ് വെതര്‍’ വിലയിരുത്തുന്നു.
വടക്കുനിന്നുള്ള കാറ്റ് വരുന്നതോടെ ചുഴലിക്കാറ്റിന്റെ ശക്തി ചോരാന്‍ സാധ്യതയുണ്ട്. അതിനാല്‍ തീരത്ത് അടിക്കുമ്ബോള്‍ കാറ്റിന് ശക്തി കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആന്ധ്രപ്രദേശിലെ ഓഗോള്‍, നെല്ലൂര്‍ പ്രദേശങ്ങള്‍ക്കിടയിലായിരിക്കും ചുഴലിക്കാറ്റ് അടിച്ചുകയറുക.


ഇതേത്തുടര്‍ന്ന് ആന്ധ്രാ തീരത്താകെ ഈ മാസം 27 മുതല്‍ 29 വരെ ശക്തമായ മഴയുണ്ടാകാനുള്ള സാധ്യതയുണ്ട്. പ്രാദേശത്ത് മണിക്കൂറില്‍ 50 മൈല്‍ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
നേരത്തേ, മ്യാന്‍മറിനു നേര്‍ക്കാണ് ചുഴലിക്കാറ്റ് നീങ്ങിയിരുന്നത്. അങ്ങനെപോയാല്‍ ഒഡീഷയിലും കാറ്റ് നാശം വിതച്ചേനെ. എന്നാല്‍ പിന്നീട് ആന്ധ്രാ തീരത്തേയ്ക്ക് കാറ്റിന്റെ ദിശമാറുകയായിരുന്നു. ചുഴലിക്കാറ്റ് ഭീഷണി മുന്‍നിര്‍ത്തി ഒഡീഷയിലെ 14 ജില്ലകളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തില്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴി 14 കലക്ടര്‍മാരുമായി സ്ഥിതിഗതികള്‍ വിലയിരുത്തി.
ബംഗാള്‍ ഉള്‍ക്കടലില്‍ നാലു ദിവസം മുമ്ബ് രൂപപ്പെട്ട ന്യൂനമര്‍ദം ചൊവ്വ ഉച്ചയോടെയാണ് ചുഴലിക്കാറ്റിന്റെ സംഹാര രൂപമാര്‍ജിച്ചത്. വിശാഖപട്ടണത്തിന് 800 കിലോമീറ്റര്‍ തെക്കുകിഴക്കും ഒഡീഷയിലെ ഗോപാല്‍പ്പൂരിന് 600 കിലോമീറ്റര്‍ കിഴക്കുമായാണ് ചുഴലിയുടെ ഇപ്പോഴത്തെ സ്ഥാനം.




Sharing is Caring