കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയും കടന്ന് മുന്നോട്ട്; ലോകം ആശങ്കയില്‍


ലോകത്താകമാനം കോവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി പിന്നിട്ടു. ഇതുവരെയുള്ള മരണം അഞ്ചുലക്ഷത്തിലേറെയായി. ഇനിയും ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്താനോ വൈറസിനെ തടയാനോ ആയിട്ടില്ല എന്നത് ആശങ്ക ജനിപ്പിക്കുകയാണ്. കഴിഞ്ഞ, 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തിലേറെ പേരാണ് രോഗബാധിതരായത്.


കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട കഴിഞ്ഞ രണ്ടുദിവസത്തെ സ്ഥിതി ലോകമെങ്ങും തുടരുകയാണ്. അമേരിക്കയില്‍ ഒന്നേകാല്‍ ലക്ഷത്തിലേറെ പേരും ബ്രസീലില്‍ അര ലക്ഷത്തിലേറെ പേരും ഇതിനോടകം മരിച്ചു. യുഎസില്‍ ആകെ രോഗബാധിതരുടെ എണ്ണം 25 ലക്ഷം പിന്നിട്ടു. അരക്കോടിയിലേറെ പേരാണ് ലോകത്ത് ഇതിനോടകം കോവിഡില്‍ നിന്ന് രോഗമുക്തരായത്.


ചൈനയിലെ വുഹാനില്‍ 2019 ഡിസംബര്‍ 31 ന് റിപ്പോര്‍ട്ട് ചെയ്ത രോഗം 6 മാസം കൊണ്ടാണ് ഒരു കോടി പിന്നിടുന്നത്. അതേ സമയം ചൈനയില്‍ ഒരു സമയത്ത് പ്രഭാവം കുറഞ്ഞ വൈറസ് വീണ്ടും പടരുകയാണ്. ഇന്ത്യയിലാകട്ടെ വിദേശത്ത് നിന്നുള്ളവര്‍ തിരികെ എത്തിയതും അതിഥിത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ വിവിധയിടങ്ങിളിലേക്ക് യാത്ര ചെയ്തതുമെല്ലാം രോഗവ്യാപനം വര്‍ദ്ധിപ്പിച്ചു.

കേരളത്തിലും സ്ഥിതി മോശമായി തന്നെ തുടരുകയാണ്. ഇന്നലെ മാത്രം 195 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. പ്രവാസികളുടെ മടങ്ങിവരവോടെ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. മഴക്കാലം കൂടി എത്തുന്നതോടെ ക്വാറന്റീന്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ പോലും കഴിയാത്ത ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങാനും സാധ്യതയുണ്ട്.



Sharing is Caring