കോഴിക്കോട് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർ മരിച്ചു.കുളിരാമുട്ടി സ്വദേശി സുന്ദരൻ(62), കമുകിൻ തോട്ടത്തില്‍ ജോണ്‍ (62) എന്നിവരാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. കൂടരഞ്ഞി കുളിരാമുട്ടിയില്‍ രാവിലെ 9.45ഓടെയായിരുന്നു അപകടം.
കൂടരഞ്ഞി പൂവാറൻതോട് ഭാഗത്തു നിന്നും വരികയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.കടയുടെ ഒരു ഭാഗവും ലോറിയുടെ മുൻവശവും പൂർണമായി തകർന്നു. കടയില്‍ സാധനം വാങ്ങാനെത്തിയവർക്കും ലോറിയില്‍ ഉണ്ടായിരുന്നവർക്കുമാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധിപേർ ബസ് കാത്ത് നില്‍ക്കുന്ന കടയിലാണ് അപകടം ഉണ്ടായത്. അപകടം നടക്കുന്നതിന് തൊട്ട് മുൻപ് ബസ് വന്നതിനാല്‍ വലിയ ദുരന്തം ഒഴിവായെന്ന് നാട്ടുകാർ പറഞ്ഞു.













