കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ലോട്ടറി വില്‍പ്പനക്കാരിയായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ലോട്ടറി വില്‍പ്പനക്കാരന്‍ അറസ്റ്റില്‍.മരിച്ച പൊന്നമ്മയ്‌ക്കൊപ്പം ലോട്ടറി വിറ്റിരുന്ന സത്യനാണ് അറസ്റ്റിലായത്. ഗാന്ധിനഗര്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പൊന്നമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.കല്ലുപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപാതകം. അടിയേറ്റ് പൊന്നമ്മയുടെ തലയോട്ടി തകര്‍ന്ന് പോയിരുന്നു.ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി പൊന്നമ്മ(55) ആണ് കൊല്ലപ്പെട്ടത്.
പൊന്നമ്മയുടെ പണവും സ്വര്‍ണവും കൈക്കലാക്കാനായിരുന്നു കൊലപാതകം.പൊന്നമ്മയുടെ മൃതദേഹം മൂന്ന് ദിവസം മുന്‍പ് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറം ലോകം അറിഞ്ഞത്.പൊന്നമ്മയ്‌ക്കൊപ്പം സത്യന്‍ ഏതാനും നാളുകള്‍ക്ക് മുമ്ബ് വരെ ഒന്നിച്ചു താമസിച്ചിരുന്നു. ഇയാളെ സംശയിക്കുന്നതായി പൊന്നമ്മയുടെ മകള്‍ സത്യ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സത്യനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

വര്‍ഷങ്ങളായി കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്ത് ലോട്ടറി വിറ്റിരുന്ന പൊന്നമ്മ മെഡിക്കല്‍ കോളേജിലെ സ്ത്രീകളുടെ വാര്‍ഡിലാണ് രാത്രി തങ്ങിയിരുന്നത്. സത്യനൊപ്പം താമസിച്ചിരുന്ന പൊന്നമ്മ ഇയാളില്‍ നിന്നുള്ള ശാരീരിക പീഡനം സഹിക്കവയ്യാതെ വീടുവിട്ടിറങ്ങി മെഡിക്കല്‍ കോളേജില്‍ തന്നെ കഴിയുകയായിരുന്നു. മകളെ എന്നും പൊന്നമ്മ ഫോണ്‍ ചെയ്യുമായിരുന്നു. എന്നാല്‍ പൊന്നമ്മയില്‍ നിന്നും ഫോണ്‍ കോളുകള്‍ വരാതായതോടെ മകള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
പൊന്നമ്മയുടെ മകന്‍ സന്തോഷിനെ 18 വര്‍ഷങ്ങള്‍ക്ക് മുമ്ബ് കാണാതായിരുന്നു. 12ാം വയസില്‍ കാണാതായ മകനെ അന്വേഷിച്ചാണ് പൊന്നമ്മ കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്ത് സ്ഥിരതാമസമാക്കിയത്.
പൊന്നമ്മയുടെ ബാഗില്‍ പണവും സ്വര്‍ണവും ഉണ്ടായിരുന്നതായും ഇത് നഷ്ടപ്പെട്ടുവെന്നും മകള്‍ മൊഴിനല്‍കിയിട്ടുണ്ട്.













