കോടാലിയില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന അനോഷിന്റെ മുഴുവൻ ചികിത്സാ ചെലവുകളും സർക്കാർ ഏറ്റെടുത്തു


കോടാലിയില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന അനോഷിന്റെ മുഴുവൻ ചികിത്സാ ചെലവുകളും സർക്കാർ ഏറ്റെടുത്തു.നിലവില്‍ അപ്പോളോ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അനോഷിന്റെ ആരോഗ്യനിലയില്‍ ശുഭകരമായ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു.കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.


വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സഹോദരങ്ങള്‍ക്ക് പാമ്പുകടിയേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. കടുത്ത ചൂട് കാരണം വീടിന്റെ ഹാളില്‍ കിടന്നുറങ്ങിയ കുട്ടികള്‍ പിന്നീട് അമ്മയോടൊപ്പം മുറിയിലെ കട്ടിലിലേക്ക് മാറി കിടക്കുകയായിരുന്നു. തലയിണയ്ക്കുള്ളില്‍ ഒളിച്ചിരുന്ന പാമ്പാണ് കുട്ടികളെ കടിച്ചത്.


രാത്രി രണ്ട് മണിയോടെ കുട്ടികള്‍ക്ക് വയറുവേദന അനുഭവപ്പെട്ടെങ്കിലും ഭക്ഷണത്തില്‍ നിന്നുള്ള അസ്വസ്ഥതയാണെന്നാണ് വീട്ടുകാർ കരുതിയിരുന്നത്. എന്നാല്‍ പുലർച്ചെ 5.30-ഓടെ കുട്ടികളുടെ വായില്‍ നിന്ന് നുരയും പതയും വന്നതോടെയാണ് അപകടം തിരിച്ചറിഞ്ഞത്. ഉടൻ തന്നെ ചാലക്കുടിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍ജോ മരണത്തിന് കീഴടങ്ങിയിരുന്നു. പാമ്പാണ് കടിച്ചത് എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ സ്ഥിരീകരിക്കുകയായിരുന്നു.



Sharing is Caring