കോടതി മുറിയില്‍ പ്രതികളെ വാദി കുത്തിവീഴ്ത്തി


കോടതിയില്‍നിന്നു നീതി കിട്ടിയില്ലെന്ന കാരണത്താല്‍ വാദി പ്രതികളെ കോടതി മുറിയില്‍ കുത്തിവീഴ്ത്തി. മുംബൈയിലെ ഭോയ് വാഡ കോടതിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. താന്‍ വാദിയായ കേസില്‍ കോടതി പ്രതികളെ വെറുതെവിട്ടതിനെ തുടര്‍ന്നു നിയമം കൈയിലെടുത്ത അറുപത്തേഴുകാരനായ ഹരിശ്ചന്ദ്ര ഷിര്‍ക്കര്‍ കത്തിയുപയോഗിച്ചു വെറുതെവിട്ട പ്രതികളെ കുത്തുകയായിരുന്നു. ഷിര്‍ക്കറുടെ കുത്തേറ്റ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.


2009ല്‍ പ്രതികളായ മൂന്നു പേര്‍ ചേര്‍ന്നു ഷിര്‍ക്കറെ ആക്രമിച്ചിരുന്നു. കല്ലുപയോഗിച്ചു ഷിര്‍ക്കറെ ഇടിക്കുകയായിരുന്നു പ്രതികള്‍. സംഭവത്തില്‍ ദാദര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. ഈ കേസില്‍ ഭോയ് വാഡ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് പ്രതികളെ കുറ്റവിമുക്തരാക്കി വിധി പറഞ്ഞശേഷമാണു ഷിര്‍ക്കര്‍ പ്രതികളെ കുത്തിവീഴ്ത്തിയത്.


കേസില്‍ വെറുതെവിട്ടശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ കോടതിമുറിയില്‍നിന്നു പുറത്തേക്ക് പോകുമ്പോള്‍ ഷിര്‍ക്കറെ നോക്കി പ്രതികള്‍ ചിരിച്ചതാണ് പെട്ടെന്നുള്ള പ്രകോപനത്തിനു കാരണമായത്. ചിരിയില്‍ പ്രകോപിതനായ ഷിര്‍ക്കര്‍ തൊട്ടടുത്ത മുറിയില്‍ നില്‍ക്കുകയായിരുന്ന പ്രതികളെ കത്തി ഉപയോഗിച്ചു കുത്തുകയായിരുന്നു. രണ്ടു പേര്‍ക്കു കുത്തേറ്റു. ഒരാള്‍ ഓടിരക്ഷപ്പെട്ടു.

മുംബൈയില്‍ ചെറുകിട തുണിവ്യവസായം ചെയ്യുന്ന വ്യക്തിയായിരുന്നു ഷിര്‍ക്കര്‍. ആക്രമണത്തിന്റെ പേരില്‍ ഷിര്‍ക്കര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.



Sharing is Caring