കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ വിജിലന്‍സിലെ അംഗബലം കൂട്ടണമെന്ന് ഡയറക്ടര്‍. അംഗങ്ങളുടെ എണ്ണം 500 ല്‍ നിന്നും 1000 ആക്കണമെന്നാണ് ശുപാര്‍ശ.നിലവിലെ അംഗബലം വച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും പുതിയ തസ്തികകള്‍ സൃഷ്ടിച്ചില്ലെങ്കില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലെങ്കിലും പൊലീസുകാരെ നിയമിക്കണമെന്നുമാണ് ആവശ്യം.
മിന്നല്‍ പരിശോധനകളുടെ എണ്ണം കൂട്ടി, കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടുന്നവരുടെ എണ്ണവും കൂടി. ഇതിന് പുറമേയാണ് കേസന്വേഷണങ്ങള്‍.

ഇന്‍സ്‌പെക്ടര്‍മാരും ഡിവൈഎസ്പിമാരുമാണ് വിജിലന്‍സില്‍ കേസന്വേഷിക്കേണ്ടത്. രണ്ടു റാങ്കിലുമായി 130 പേരുണ്ട്. ഇവര്‍ക്കു കീഴിലുള്ള പൊലിസുകാരുടെ എണ്ണം 700. ഈ അംഗബലവുമായി മുന്നോട്ടുപോകാനില്ലെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ പറയുന്നത്.
ഒരു അന്വേഷണ ഉദ്യോഗസ്ഥനൊപ്പം ആറു പൊലൂസുകാരെയെങ്കിലും നിയോഗിച്ചാലേ ഉള്ള ജോലികള്‍ തീര്‍ക്കാന്‍ കഴിയൂ. പ്രതിവര്‍ഷം 500 ലധികം കേസ് രജിസ്റ്റര്‍ ചെയ്യുന്നു. 8000ത്തിലിധകം പരാതികളെത്തുന്നു.1500 കേസുകള്‍ കുറ്റപത്രം നല്‍കാന്‍ ഇനിയുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.













