കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്, ജോസഫ് വിഭാഗം മുഖ്യമന്ത്രിയെ കണ്ടു


പ്രത്യേക ഘടകകക്ഷിയായി യുഡിഎഫില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് പി ജെ ജോസഫ് വിഭാഗം മുഖ്യമന്ത്രിയെ കണ്ടു. ഇതോടെ കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്ന സൂചനകള്‍ കൂടുതല്‍ വ്യക്തമായി.
കേരളാ കോണ്‍ഗ്രസ് എമ്മില്‍ മാണി-ജോസഫ് വിഭാഗങ്ങളില്‍ തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമാവുന്നതിനിടെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇന്നു നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ നിന്ന് പി ജെ ജോസഫ് അടക്കമുള്ള മുന്‍നിര നേതാക്കള്‍ വിട്ടുനില്‍ക്കുമെന്നറിയിച്ചിരുന്നു. മുതിര്‍ന്ന നേതാക്കളായ മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ എംഎല്‍എമാരായ ആന്റണി രാജു, ഡോ. കെ സി ജോസഫ്, പി സി ജോസഫ് തുടങ്ങിയവരും പങ്കെടുക്കില്ലെന്നാണ് അറിയിച്ചിട്ടുള്ളത്.നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണി മാറ്റത്തിന് സന്നദ്ധരാണെന്ന് കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പിസി ജോസഫ് നേരത്തെ പ്രതികരിച്ചിരുന്നു. മാണി വിഭാഗത്തിന്റെ നിലപാടുകളില്‍ തങ്ങള്‍ അതൃപ്തരാണ്. എല്‍ഡിഎഫിനൊപ്പം ചേരാന്‍ ജോസഫ് വിഭാഗത്തിലെ വലിയൊരുവിഭാഗം സന്നദ്ധരാണെന്ന് പരോക്ഷ സൂചന നല്‍കിയ അദ്ദേഹം കേരള കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോക്കുണ്ടാകുമെന്നും രാഷ്ട്രീയ ധ്രുവീകരണത്തിന് കളമൊരുങ്ങുന്നുണ്ടെന്നും പറഞ്ഞിരുന്നു. ഇതെല്ലാം കേരളകോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് നീങ്ങുന്നുവെന്നതിന്റെ സൂചനകളായിരുന്നു.


നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് സംബന്ധിച്ച തര്‍ക്കവും ഭിന്നതയ്ക്ക് കാരണമായിരുന്നു. ജോസഫ് വിഭാഗത്തിന് സീറ്റുകള്‍ പരിമിതപ്പെടുത്താനുള്ള നീക്കം ചിലരുടെ താല്‍പ്പര്യ പ്രകാരമാണ്. അര്‍ഹരല്ലാത്തവരെ അര്‍ഹതപ്പെടാത്ത സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്നും പിസി ജോസഫ് ചൂണ്ടിക്കാട്ടി.




Sharing is Caring