കേരളത്തിലെ 1,666 അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരമില്ല – സിഎജി


കേരളത്തില്‍ അംഗീകാരമില്ലാത്ത 1,666 അണ്‍ എയ്ഡഡ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നതായി സി.എ.ജി. യുടെ റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം മാര്‍ച്ച്‌ 31 വരെയുള്ള കണക്കാണിത്. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നതും അംഗീകാരം നേടാന്‍ വൈകുന്നതും വിദ്യാഭ്യാസ അവകാശച്ചട്ടത്തിന്റെ ലംഘനമാണെന്നും സി.എ.ജി. ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് വെള്ളിയാഴ്ച ലോക്സഭയില്‍ വെച്ചു.


വിദ്യാഭ്യാസ അവകാശച്ചട്ടത്തിന്റെ 19(1) വകുപ്പ് പ്രകാരം, സ്കൂള്‍ സ്ഥാപിച്ച്‌ മൂന്ന് വര്‍ഷത്തിനുള്ളില്‍ അംഗീകാരം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. ഇങ്ങനെ ചട്ടം പാലിച്ചില്ലെങ്കില്‍, സ്കൂളിന്റെ അംഗീകാരം റദ്ദാക്കണം. അംഗീകാരം പിന്‍വലിച്ചിട്ടും പ്രവര്‍ത്തനം തുടരുകയാണെങ്കില്‍, ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കാം. എന്നിട്ടും ചട്ട ലംഘനം തുടരുകയാണെങ്കില്‍ പ്രതിദിനം പതിനായിരം രൂപ വീതം പിഴ ഈടാക്കാം. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ എണ്ണത്തില്‍ ഗുജറാത്താണ് മുന്നില്‍ (2052 സ്കൂളുകള്‍).


2016 സെപ്തംബര്‍ വരെയുള്ള കണക്ക് അനുസരിച്ച്‌, കേരളത്തില്‍ 1412 സ്കൂളുകള്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയിട്ടില്ലെന്നും സി.എ.ജി. റിപ്പോര്‍ട്ടില്‍ പറയുന്നു. 146 സ്കൂളുകള്‍ സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ്.

അധ്യാപകരെ കാനേഷുമാരി കണക്കെടുപ്പ്, ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍, തിരഞ്ഞെടുപ്പ് ചുമതല എന്നിവയ്ക്കല്ലാതെ വിദ്യാഭ്യാസ ഇതര സേവനങ്ങള്‍ക്ക് നിയോഗിക്കരുതെന്ന് ചട്ടമുണ്ട്. എന്നാല്‍ തൃശ്ശൂര്‍, ഇടുക്കി ജില്ലകളില്‍ 12 അധ്യാപകരെ ഗ്രാമസഭകളിലെ കോ-ഓര്‍ഡിനേറ്റര്‍മാരായും ഇംപ്ലിമെന്റിങ് ഓഫീസര്‍മാരായും പഞ്ചായത്തുകള്‍ നിയോഗിച്ചതായി സി.എ.ജി. വിമര്‍ശിക്കുന്നു.

സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്കൂളുകള്‍ പൂട്ടാന്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായി സംസ്ഥാന വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ‘മാതൃഭൂമി’ യോട് പറഞ്ഞു. അംഗീകാരമില്ലാത്ത് അണ്‍ എയ്ഡഡ് സ്കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ ഇനി അനുവദിക്കില്ല. പൂട്ടുന്നതിനായി നോട്ടീസ് നല്‍കിക്കഴിഞ്ഞു. ഈ വര്‍ഷം നടപടികള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.



Sharing is Caring