സഞ്ജു സാംസണിന്റെ സെഞ്ചുറിയുടെ കരുത്തില്‍ ഏരീസ് കൊല്ലത്തിനെതിരേ ത്രസിപ്പിക്കുന്ന ജയം നേടി കൊച്ചി ബ്ലൂസ്.ആദ്യം ബാറ്റു ചെയ്ത കൊല്ലം മുന്നോട്ടുവച്ച 237 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ടൈഗേഴ്സ് അവസാന ഓവറിലായിരുന്നു ജയം പിടിച്ചുവാങ്ങിയത്. അവസാന ഓവറില്‍ ആഷിഖിന്റെ ബാറ്റിങ്ങായിരുന്നു കൊച്ചിയെ വിജയതീരത്തെത്തിച്ചത്. കേരള ക്രിക്കറ്റ് ലീഗിലെ ഏറ്റവും ഉയർന്ന റണ്‍സ് ചെയ്സിങാണ് കൊച്ചി നടത്തിയത്.
വിഷ്ണു വിനോദിന്റെയും (41 പന്തില്‍ 94 റണ്‍സ്) ക്യാപ്റ്റൻ സച്ചിൻ ബേബിയുടെയും (44 പന്തില്‍ 91 റണ്‍സ്) വെടിക്കെട്ട് ബാറ്റിങ്ങാണ് ഏരീസിനെ 236 റണ്‍സിലെത്തിച്ചത്. അഭിഷേഖ് നായർ (8), രാഹുല്‍ ശർമ (0), ഷറഫുദ്ദീൻ (8), അമല്‍ (12) എന്നിങ്ങനെയാണ് കൊല്ലത്തിന്റെ മറ്റു താരങ്ങളുടെ സ്കോർ.

മറുപടി ബാറ്റിങ്ങില്‍ 51 പന്തില്‍ 121 റണ്‍സ് നേടിയ സഞ്ജു സാംസണാണ് ടൈഗേഴ്സിന്റെ വിജയശില്‍പി. 14 ഫോറുകളും 7 സിക്സറുകളും സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നു. മുഹമ്മദ് ആശിഖ് (45*), മുഹമ്മദ് ഷാനു (39) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. അവസാന അഞ്ച് ഓവറുകളില്‍ വിജയിക്കാൻ വലിയ റണ്‍റേറ്റ് ആവശ്യമായിരുന്നു. ആഷിഖും ആല്‍ഫി ഫ്രാൻസിസും അവസാനം അതിവേഗത്തില്‍ റണ്‍സുകള്‍ നേടി.
അവസാന പന്തില്‍ ആറു റണ്‍സ് വേണ്ടപ്പോള്‍ ആഷിഖ് ഷറഫുദ്ദീനെ സി ക്സറടിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സിന് നാലു വിക്കറ്റിന്റെ ആവേശകരമായ വിജയം സമ്മാനിച്ചു. ജയത്തോടെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് ലീഗില്‍ മൂന്നില്‍ മൂന്ന് വിജയമായി. ഇന്ന് ഉച്ചക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ കൊല്ലം തൃശൂരിനെ നേരിടുമ്ബോള്‍ രാത്രി നടക്കുന്ന രണ്ടാം മത്സരത്തില്‍ ആലപ്പി-ട്രിവാൻഡ്രത്തെ നേരിടും.













