കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള ഉപേക്ഷിക്കരുതെന്ന് കിംകി ഡുക്ക്; ഡോ. ബിജുവിന് കൊറിയന്‍ ഭാഷയില്‍ കത്തെഴുതി


തിരുവനന്തപുരം: കേരള രാജ്യാന്തര ചലചിത്ര മേള ഉപേക്ഷിക്കരുതെന്ന് കൊറിയന്‍ സംവിധായകനായ കിംകി ഡുക്ക്. സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടുന്ന കത്ത് ചലച്ചിത്ര പ്രവര്‍ത്തകരായ ഡോ.ബിജുവിനും പ്രകാശ് ബാരെക്കും കൈമാറി. കേരളത്തിലെ പ്രളയത്തില്‍ പെട്ട ജനങ്ങളുടെ ദുരിതത്തില്‍ ഏറെ ദുഃഖം ഉ ണ്ടെന്നും മനസ്സ് കൊണ്ട് അവരോടൊപ്പം ഉണ്ടെന്നും കിംകി ഡുക്ക് പറഞ്ഞു.


കേരള ചലച്ചിത്ര മേള ലോകമെമ്ബാടുമുള്ള സിനിമാ സ്നേഹികള്‍ നോക്കി കാണുന്ന ഒന്നാണെന്നും അത് നിര്‍ത്തിവെക്കരുത് എന്ന് സര്‍ക്കാറിനോടും കേരളത്തിലെ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായും കിംകി അറിയിച്ചു. അതിജീവനത്തില്‍ കലയ്ക്ക് വലിയൊരു പങ്ക് ഉണ്ടെന്നും അതുകൊണ്ടു തന്നെ കല ഒരിക്കലും മാറ്റി വെക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിമ്മിന്റെ ഏറ്റവും പുതിയ സിനിമയായ ‘ഹ്യൂമന്‍, സ്‌പെയ്‌സ്, ടൈമ് , ഹ്യൂമന്‍’ ന്റെ പ്രദര്‍ശനം അല്‍മാട്ടി ചലച്ചിത്ര മേളയില്‍ കണ്ടിറങ്ങിയപ്പോഴാണ് കേരള ചലച്ചിത്ര മേള നടത്തണം എന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് കിം കി ഡുക്ക് സ്വന്തം കൈപ്പടയില്‍ കൊറിയന്‍ ഭാഷയില്‍ എഴുതിയ കത്ത് കിംകി ഡുക്ക് ഡോ.ബിജുവിന്‍റെയും പ്രകാശ് ബാരെയുടെയും കൈകളില്‍ ഏല്‍പ്പിക്കുകയായിരുന്നു.




Sharing is Caring