കേന്ദ്രസര്‍ക്കാര്‍ സത്യവും ചരിത്രവും തമസ്‌ക്കരിക്കുന്നു: കാനം രാജേന്ദ്രന്‍


കേന്ദ്രസര്‍ക്കാര്‍ സത്യവും ചരിത്രവും തമസ്‌ക്കരിക്കുകയാണെന്ന്‌ സി.പി.ഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംഘപരിവാര്‍ ശക്‌തികളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന്‌ വിദ്യാര്‍ത്ഥികളോട്‌ പോലും അസഹിഷ്‌ണുത പ്രകടിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്‌ ജനമനസുകളില്‍ സ്‌ഥാനം ഉണ്ടാകില്ലായെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ. ജനകീയ യാത്രയ്‌ക്ക്‌ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണ സമ്മേളനങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്‌ തന്നെ മാതൃകയായ ഇന്ത്യയുടെ മതേതര കാഴ്‌ചപ്പാടിനെ തകര്‍ത്ത്‌ വര്‍ഗീയത വളര്‍ത്താനാണ്‌ ആര്‍.എസ്‌.എസിന്റെ നീക്കം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത സംഘപരിവാര ശക്‌തികള്‍ ഇടതുപക്ഷ പ്രസ്‌ഥാനത്തെ രാജ്യസ്‌നേഹത്തെ കുറിച്ച്‌ പഠിപ്പിക്കേണ്ട. 1936 ല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത്‌ ഒട്ടേറെ ധീരരക്‌തസാക്ഷികളെ സൃഷ്‌ടിച്ച പ്രസ്‌ഥാനമാണ്‌ എ.ഐ.എസ്‌.എഫ്‌ എന്ന ചരിത്രം എ.ബി.വി.പിക്കാര്‍ മറക്കരുതെന്നും കാനം പറഞ്ഞു. സാമൂഹ്യനീതിയാണ്‌ സാമൂഹ്യപുരോഗതിയുടെ ചവിട്ടുപടിയെന്ന പാഠം പഠിക്കാന്‍ മോദിക്കും സംഘാംഗങ്ങള്‍ക്കും ഇനിയും കാലമേറെ വേണ്ടിവരും. സാമൂഹ്യനീതിയെ കേവലം സംവരണത്തില്‍മാത്രം തളച്ചിടേണ്ട ഒന്നല്ല. മനുഷ്യന്‌ വളരുവാനും വികസിക്കുവാനും തുല്യമായ അവകാശം കിട്ടേണ്ടത്‌ അനിവാര്യമാണ്‌. ന്യൂനപക്ഷങ്ങളും പിന്നാക്കക്കാരും ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടുമ്പോഴും കേന്ദ്രസംസ്‌ഥാന സര്‍ക്കാരുകള്‍ ഇതൊന്നും കണ്ടഭാവം നടിക്കുന്നില്ല. ശ്രീനാരായണഗുരുവും ചട്ടമ്പസ്വാമിയും അയ്യന്‍കാളിയുമെല്ലാം നടത്തിയ ഒട്ടേറെ പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടാണ്‌ നമുക്ക്‌ പല അവകാശങ്ങളും നേടാനായതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ലക്ഷക്കണക്കിന്‌ വരുന്ന ഭൂരഹിതരുടേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത്‌ സി.പി.ഐ ശക്‌തമായ പ്രക്ഷോഭങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കും.




Sharing is Caring