കേന്ദ്രവ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ, ബിജെപി രാജ്യസഭ എംപി ആര്‍ കെ സിന്‍ഹ എന്നിവരുള്‍പ്പെടെ കള്ളപ്പണ നിക്ഷേപകരായ 714 ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ പുറത്ത്. നോട്ട് അസാധുവാക്കല്‍ വാര്‍ഷികമായ ബുധനാഴ്ച്ച സര്‍ക്കാര്‍ കള്ളപ്പണ വിരുദ്ധദിനം ആചരിക്കാനിരിക്കെയാണ് നികുതി വെട്ടിച്ച് വിദേശത്ത് കോടികള്‍ നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
ജര്‍മ്മന്‍ ദിനപത്രമായ സെഡ്യൂസെ സീറ്റങും അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും(ഐ.സി.ഐ.ജെ) 96 മാധ്യമ സ്ഥാപനങ്ങളും സംയുക്തമായി നടത്തിയ അന്വേഷണത്തിലൂടെ ലഭിച്ച വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 80 രാജ്യങ്ങളിലെ പേരുവിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ വിദേശ നിക്ഷേപകരുടെ എണ്ണത്തില്‍ ഇന്ത്യ പത്തൊമ്പതാം സ്ഥാനത്താണ്.

ഇതില്‍ 714 ഇന്ത്യക്കാരുടെ പേരുകളാണ് ഉള്ളത്. വിജയ് മല്യ, അമിതാഭ് ബച്ചന്‍, കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകന്‍ രവികൃഷ്ണ, സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്ത് എന്നിവരുടെ പേരും റിപ്പോര്‍ട്ടിലുണ്ട്.
പുറത്തുവന്ന 13.4 ദശലക്ഷം രഹസ്യ രേഖകളില്‍ മിക്കതും വിദേശ നിക്ഷേപകരുടെ അക്കൗണ്ടിംഗ് സ്ഥാപനമായ ആപ്പിള്‍ബൈയില്‍ നിന്ന് ചോര്‍ത്തിയവയാണ്.
ഇന്ത്യക്കാരെ കൂടാതെ വിദേശരാജ്യങ്ങളിലെ പല പ്രമുഖരുടെ പേരുകളും പാരഡൈസ് പേപ്പേഴ്‌സ് പുറത്തുവിട്ടിട്ടുണ്ട്.
ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍, യുഎസ് സെക്രട്ടറി ഓഫ് കൊമേഴ്‌സ് വില്‍ബര്‍ റോസ്, ജോര്‍ദാന്‍ രാജ്ഞി നൂര്‍ അല്‍ ഹുസൈന്‍ എന്നിവരും നികുതി വെട്ടിപ്പുകാരുടെ പട്ടികയില്‍ പെടുന്നു.













