കെഎസ്‌ആര്‍ടിസിയില്‍ പ്രതിസന്ധി; മന്ത്രി ഇന്ന് കെ.എസ്.ആര്‍.ടി.സി അധികൃതരുമായി ചര്‍ച്ച നടത്തും


തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ കെഎസ്‌ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പകരം സര്‍വീസ് ഏര്‍പ്പെടുത്താന്‍ കഴിയാതെ വന്നതോടെ ഇന്ന് കൂടുതല്‍ സര്‍വ്വീസുകളെ ബാധിക്കുമെന്നാണ് സൂചന. വ്യാഴാഴ്ച 800 ഓളം സര്‍വീസുകളാണ് മുടങ്ങിയത്. കോടതിയലക്ഷ്യ നടപടിയുടെ പേരില്‍ 2320 ഡ്രൈവര്‍മാരെയാണ് പിരിച്ചുവിട്ടത്.


ഡബിള്‍ ഡ്യൂട്ടി ചെയ്ത ഡ്രൈവര്‍മാരെ ഒരു ഷിഫ്ടില്‍കൂടി നിര്‍ബന്ധിച്ച്‌ ജോലി ചെയ്യിപ്പിച്ചായിരുന്നു കഴിഞ്ഞ ദിവസം ട്രിപ്പുകള്‍ വെട്ടിച്ചുരുക്കുന്നത് ഒഴിവാക്കിയത്. എന്നാല്‍ ഇത്തരത്തില്‍ തുടര്‍ച്ചയായി തൊഴിലെടുക്കാനാകില്ലെന്ന് ഒരു വിഭാഗം ഡ്രൈവര്‍മാര്‍ കര്‍ശന നിലപാടെടുത്തു. ഈ സാഹചര്യത്തില്‍ ഇന്ന് കൂടുതല്‍ ട്രിപ്പുകള്‍ റദ്ദാക്കേണ്ടി വരും.


പ്രതിസന്ധിയെ തുടര്‍ന്ന് വരുമാനത്തിലും ഇടിവുണ്ടായി. രണ്ട് ദിവസമായി കെഎസ്‌ആര്‍ടിസിക്കുണ്ടായ വരുമാനത്തിലെ കുറവ് മൂന്ന് കോടി രൂപയോളമാണ്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് പ്രാധാന്യം നല്‍കാനാണ് കെഎസ്‌ആര്‍ടിസി തീരുമാനം. അതിനാല്‍ ഓര്‍ഡിനറി സര്‍വീസുകളെ ഇത് സാരമായി ബാധിക്കും. ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ ശമ്ബളവും ഇതുവരെ നല്‍കിയിട്ടില്ല. ശമ്ബളം വൈകിയാല്‍ ജീവനക്കാര്‍ കൂട്ട അവധി എടുത്ത് പ്രതിഷേധിക്കാനും നീക്കമുണ്ട്.

അതേസമയം പ്രശ്ന പരിഹാരത്തിന് മന്ത്രി എ.കെ ശശീന്ദ്രന്‍ കെ.എസ്.ആര്‍.ടി.സി അധികൃതരുമായി ഇന്ന് കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ നയപരമായ തീരുമാനങ്ങള്‍ക്ക് സാധ്യതയില്ല. എംപ്ലോയ്‌മെന്റ് എക്‌സ്‌ചെയ്ഞ്ച് വഴി കരാര്‍ വ്യവസ്ഥയില്‍ ഡ്രൈവര്‍മാരെ നിയമിക്കാന്‍ തീരുമാനമുണ്ടായാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരു മാസമെങ്കിലും വേണ്ടി വരുമെന്നാണ് കരുതുന്നത്.



Sharing is Caring