കെ.സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു, കുറ്റം തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പ്രതികരണം


പത്തനംതിട്ട: ശബരിമലയില്‍ ചിത്തിര ആട്ടവിശേഷ സമയത്ത് തൃശൂര്‍ സ്വദേശിനി ലളിതാദേവിയെ (52) ആക്രമിച്ച കേസില്‍ ഗൂഢാലോചന നടത്തിയതിന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു. കേസിലെ 12ആം പ്രതിയായ സുരേന്ദ്രനെ കസ്‌റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം നാളെ പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ നിലപാട്. കൊട്ടാരക്കരയില്‍ നിന്നും പൂജപ്പൂര സെന്‍ട്രല്‍ ജയിലിലേക്ക് തന്നെ മാറ്റണം, തനിക്ക് ജാമ്യം അനുവദിക്കണം, കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും കോടതി നാളെ പരിഗണിക്കും.


അതേസമയം, കൊടുംക്രിമിനലുകള്‍ താമസിക്കുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് തന്നെ കൊണ്ടുപോകാനുള്ള സി.പി.എമിന്റെ ശ്രമമാണ് കേസിന് പിന്നിലെന്ന് കെ.സുരേന്ദ്രന്‍ ആരോപിച്ചു. തനിക്ക് നേരെ ആരോപിച്ചിരിക്കുന്ന കള്ളക്കേസുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെ നടത്തുന്ന ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു. റാന്നി ഗ്രാമന്യായാല കോടതിയില്‍ നിന്നും പുറത്തുവന്നപ്പോള്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.




Sharing is Caring