കൂത്തുപറമ്ബ്: കൂത്തുപറമ്പില്‍ സി.പി.എം പ്രവര്‍ത്തകനും ക്ഷീര സഹകരണ സംഘം ജീവനക്കാരനുമായ യുവാവിന് വെട്ടേറ്റു. കൂത്തുപറമ്പ് നീര്‍വേലിയിലെ ഷാജനാണ് (32) വെട്ടേറ്റത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ബൈക്കില്‍ പാല്‍ വിതരണം നടത്തുന്നതിനിടെയാണ് ആക്രമണം.
നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപം ഒരുസംഘം ആളുകള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി ഷാജനെ വെട്ടുകയായിരുന്നുവെന്നാണ് വിവരം. അക്രമത്തില്‍ കൈയ്ക്കും കാലിനും തലയ്ക്കും വെട്ടേറ്റ ഇയാളെ തലശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.

പാട്യം ക്ഷീര സഹകരണ സംഘത്തിലെ ജീവനക്കാരനാണ് ഷാജന്‍. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് സി.പി.എം കേന്ദ്രങ്ങള്‍ ആരോപിച്ചു. ഷാജന്‍ എന്നും രാവിലെ പാല്‍ വിതരണം നടത്താറുണ്ടെന്ന വിവരം അറിഞ്ഞ് കരുതി കൂട്ടി തന്നെയാണ് അക്രമം നടത്തിയതെന്നും സി പി എം ആരോപിച്ചു.













