കൂടത്തായിയിലെ തുടര്‍മരണങ്ങള്‍; ജോളിയും ജ്വല്ലറി ജീവനക്കാരനും പോലീസ് കസ്റ്റഡിയില്‍


താമരശ്ശേരി: കോഴിക്കോട് കൂടത്തായിയില്‍ 14 വര്‍ഷത്തിനിടെ അടുത്തബന്ധുക്കളായ ആറുപേര്‍ ഒരേ സാഹചര്യത്തില്‍ മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന നിഗമനം ബലപ്പെടുന്നു.മരിച്ച ആറുപേരില്‍ റോയിയുടെ ഭാര്യ ജോളിയേയും ഇവരുടെ ബന്ധുവായ ജ്വല്ലറി ജീവനക്കാരനേയുംശനിയാഴ്ച രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ കുറ്റസമ്മതം നടത്തിയതായാണ് സൂചന.


നിലവില്‍ റോയിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ജോളിയെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിലായിരിക്കും മറ്റ് അഞ്ച് മരണങ്ങളിലും ഇവര്‍ക്ക് പങ്കുണ്ടോ എന്ന് വ്യക്തമാകൂ.റോയിയുടെ മരണം സയനൈഡ്ഉള്ളില്‍ ചെന്നാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സയനൈഡ് നല്‍കിയത് ജ്വല്ലറി ജീവനക്കാരനാണെന്നാണ് നിഗമനം. ഇയാള്‍ക്കും ഈ കൊലപാതകങ്ങളില്‍ പങ്കുണ്ടെന്നാണ് സൂചന.


കല്ലറ തുറന്നുള്ള പരിശോധനയിലെ തെളിവുകള്‍ കേസില്‍ നിര്‍ണായകമാകും. വടകര റൂറല്‍ എസ്പിയുടെ ഓഫീസില്‍ ഇന്ന് രാവിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു.മരിച്ച റോയിയുടെ ഉള്ളില്‍ നിന്ന് സയനൈഡിന്റെ അംശം കണ്ടെത്തിയെങ്കിലും ആത്മഹത്യയാണെന്ന ധാരണയില്‍അത് രഹസ്യമാക്കി വെക്കുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തില്‍ ഇത് വ്യക്തമായിട്ടും ആ നിലയില്‍ അന്വേഷണം ഉണ്ടാകാതെ പോയി.

ഡി.എന്‍.എ പരിശോധനഫലം ലഭിക്കാന്‍ ഒരുമാസം സമയമെടുക്കും. ഡി.എന്‍എ ഫലം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മറ്റു അഞ്ച് മരണങ്ങള്‍ എങ്ങനെ നടന്നുവെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.



Sharing is Caring