പാലില്‍ വെള്ളം ചേര്‍ത്ത ക്ഷീരകര്‍ഷകന് ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ച്‌ സുപ്രീം കോടതി


ന്യൂഡല്‍ഹി: പാലില്‍ വെള്ളം ചേര്‍ത്ത് വിറ്റുവെന്ന കണ്ടെത്തലിന് പിന്നാലെ ഉത്തര്‍പ്രദേശ് സ്വദേശിയായ ക്ഷീരകര്‍ഷകന് ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ച്‌ സുപ്രീം കോടതി.രാജ്കുമാര്‍ എന്ന ക്ഷീരകര്‍ഷകനാണ് ആറ് മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്.1995 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് 24 വര്‍ഷത്തിന് ശേഷം ശിക്ഷ വിധിച്ചിരിക്കുന്നത്. 142-ാം അനുച്ഛേദം അനുസരിച്ചുള്ള അധികാരം ഉപയോഗിച്ചാണ് ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചത്. ഇയാളോട് ഉടന്‍ കീഴടങ്ങാനും കോടതി നിര്‍ദ്ദേശിച്ചു.


1995 നവംബറില്‍ പബ്ലിക് അനലിസ്റ്റ് നടത്തിയ പരിശോധനയില്‍ രാജ്കുമാര്‍ വിറ്റ പാലില്‍ 4.6 ശതമാനം മില്‍ക് ഫാറ്റും, 7.7 ശതമാനം മില്‍ക് സോളിഡ് നോണ്‍ ഫാറ്റുമായിരുന്നു. 8.5 ശതമാനമാണ് നോണ്‍ ഫാറ്റ് വേണ്ടത്. എന്നാല്‍ ഈ വ്യത്യാസം വൈക്കോലിന്റെയും കാലിത്തീറ്റയുടെയും ഗുണമേന്മ കൊണ്ടുണ്ടാവുന്നതാണെന്ന് രാജ്കുമാര്‍ വാദിച്ചു. 24 വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ കോടതി ഉദാരമായ നിലപാടെടുക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.


ജസ്റ്റിസുമാരായ ദീപക് ഗുപ്തയും അനിരുദ്ധ ബോസും ഉള്‍പ്പെട്ട ബഞ്ചാണ് കേസ് പരിഗണിച്ചത്. പാല്‍ പ്രാഥമിക ഭക്ഷണ വിഭവമാണ്. അതിനാല്‍ തന്നെ നിലവാരമില്ലാതെ വില്‍ക്കപ്പെടുന്ന പാല്‍ മനുഷ്യന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പ്രത്യേകം തെളിയിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.ആരോഗ്യത്തിന് ദോഷകരമല്ലെങ്കില്‍ കൂടി നിലവാരമില്ലാതെ പാല്‍ വില്‍ക്കരുതെന്ന നിബന്ധന തെറ്റിക്കുന്നത് കുറ്റകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമത്തെ പരിഹസിക്കുന്നത് കണ്ട് നില്‍ക്കാനാവില്ലെന്ന് കോടതി പറഞ്ഞു.



Sharing is Caring