കൂടത്തായി കൊലപാതകം :മൂന്ന് പ്രതികളേയും ഇന്ന് കോടതിയില്‍ ഹാജരാക്കും


കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബര കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളേയും ഇന്ന് കോടതിയില്‍ ഹാജരാക്കും. മുഖ്യ പ്രതി ജോളി, മറ്റു പ്രതികളായ മാത്യു, പ്രജുകുമാര്‍ എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച അപേക്ഷ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ 11 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന് പ്രതികളെയും ഇന്ന് രാവിലെ പത്ത് മണിയോടെയാവും കോടതിയില്‍ ഹാജരാക്കുക. പ്രതികള്‍ക്കെതിരെ ആക്രമണസാധ്യതയുള്ളതിനാല്‍ കോടതി പരിസരത്ത് കനത്ത സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്. 11 മണിയോടെ കോടതി നടപടികള്‍ ആരംഭിക്കും.


ജില്ലാ ജയിലിലാണ് നിലവില്‍ പ്രതികള്‍ ഉള്ളത്. പ്രതികളെ 11 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലിസ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷമാകും ഇവരെ തെളിവെടുപ്പിന് കൊണ്ടുപോകുക. പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുന്നതോടെ കേസിന്റെ രണ്ടാം ഘട്ടം അന്വേഷണം ക്രെംബ്രാഞ്ച് ആരംഭിക്കും.


സങ്കീര്‍ണമായ കേസ് ആയതിനാല്‍ വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന് അപേക്ഷയില്‍ അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം പ്രതി മാത്യുവിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.



Sharing is Caring