കുവൈത്ത് സിറ്റി: നിയമലംഘകരായി രാജ്യത്ത് തുടരുന്ന ആയിരക്കണക്കിന് വിദേശ തൊഴിലാളികള്‍ക്ക് ആശ്വാസമായി കുവൈത്തിലെ പൊതുമാപ്പ് പരിധി ഏപ്രില്‍ 22 വരെ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനം. ജനുവരി 29ന് തുടങ്ങിയ പൊതുമാപ്പിന്റെ കാലാവധി നാളെ അവസാനിക്കാന്‍ ഇരിക്കെയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. ബാക്കിയുള്ള നിയമലംഘകര്‍ക്ക് കൂടി രാജ്യം വിടാനാണ് പൊതുമാപ്പ് കാലാവധി നീട്ടിയതെന്നാണ് വിവരം.
നിയമലംഘകരായി കഴിയുന്നവര്‍ക്ക് പിഴ കൂടാതെ സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകാനുള്ള അവസരമാണിത്. ഇത് ഉപയോഗപ്പെടുത്തുന്നവര്‍ക്ക് വീണ്ടും നിയമാനുസൃതമായി രാജ്യത്ത് ജോലിയ്ക്ക് എത്താനുള്ള അവസരവും ഒരുക്കുമെന്ന് മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കി. എന്നാല്‍ പൊതുമാപ്പ് കാലാവധി കഴിഞ്ഞും രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രാലയം അറിയിച്ചു. കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തുന്ന ഇക്കൂട്ടര്‍ക്ക് പിന്നീട് കുവൈത്തിലേക്ക് തിരിച്ചു വരാനും കഴിയില്ല. അതുകൊണ്ട് തന്നെ പൊതുമാപ്പ് സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

കുവൈത്തില്‍ ഏതാണ്ട് ഒരു ലക്ഷത്തോളം അനധികൃത തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇതില്‍ തന്നെ 30,000 ത്തോളം പേര്‍ ഇന്ത്യക്കാരാണ്. നിരവധി മലയാളികളും ഇക്കൂട്ടത്തിലുണ്ട്. ഏതാണ്ട് 9000ത്തോളം ഇന്ത്യാക്കാര്‍ എംബസില്‍ ഔട്ട്പാസിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.













