നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നതിന്റെ ഭാഗമായി മന്ത്രിമാര്‍ ഉള്‍പ്പെടുന്ന ഉന്നത സംഘം ഇന്ന് ഇടുക്കിയില്‍ സന്ദര്‍ശനം നടത്തും. വൈദ്യുതി മന്ത്രി എം.എം മണി, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്, വനംമന്ത്രി കെ. രാജു എന്നിവരടങ്ങുന്ന സംഘമാണ് കൊട്ടക്കമ്പൂര്‍, വട്ടവട പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക. നിര്‍ദിഷ്ട മേഖലയില്‍ വരുന്ന ജനവാസ കേന്ദ്രങ്ങള്‍ സംഘം പരിശോധിക്കും. ബ്ലോക്ക് 58, 62 എന്നിവിടങ്ങളിലാണ് നിര്‍ദിഷ്ട കുറിഞ്ഞി ഉദ്യാനം.
വിവാദ കൈയേറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നത് ബ്ലോക്ക് 58ലാണ്. രാവിലെ ചേരുന്ന യോഗത്തിലായിരിക്കും എവിടെയൊക്കെ സന്ദര്‍ശനം വേണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക. ഇന്ന് വൈകിട്ടോടെ സന്ദര്‍ശനം പൂര്‍ത്തിയാക്കുന്ന ഉന്നത സംഘം നാളെ അവലോകന യോഗം ചേരും. യോഗത്തില്‍ ഇടുക്കി എം.പി, ജില്ലയില്‍ നിന്നുള്ള എം.എല്‍.എമാര്‍, മറ്റു ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും













