കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആകാശ സുരക്ഷക്കും വ്യോമയാന ഗതാഗത നിയന്ത്രണത്തിനുമായി സ്ഥാപിച്ച എ.ഡി.എസ്-ബി(ഓട്ടോമാറ്റിക്ക് ഡിപ്പന്‍ഡന്റ് സര്‍വൈലന്‍സ് ബ്രോഡ്കാസ്റ്റ്)ജനുവരിയില്‍ പ്രവര്‍ത്തനക്ഷമമാക്കുന്നു.
ഇതിന്റെ ഭാഗമായി ഇന്ന് വിമാനത്താവളത്തില്‍ വിദഗ്ധരുടെ യോഗം ചേരും. കരിപ്പൂരിലെ എ.ഡി.എസ്-ബി സംവിധാനത്തിന്റെ പരിശോധന രണ്ട് മാസം മുന്‍പ് പൂര്‍ത്തിയാക്കിയിരുന്നു.

എ.ഡി.എസ്-ബി സംവിധാനം കരിപ്പൂരില്‍ സ്ഥാപിച്ചിട്ട് അഞ്ച് വര്‍ഷമായിട്ടും കമ്മിഷന്‍ ചെയ്തിട്ടില്ല. ഉപഗ്രഹ സഹായത്തോടെ വിമാനങ്ങളുടെ സ്ഥാന നിര്‍ണയം നടത്താന്‍ എ.ഡി.എസ്-ബി സംവിധാനം വഴി സാധിക്കും.
പറക്കുന്ന രണ്ട് വിമാനങ്ങള്‍ തമ്മിലുള്ള ദൂരവ്യത്യാസവും സമയ വ്യത്യാസവും കൃത്യമായി മനസിലാക്കുന്നത് വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ അടുത്തടുത്ത് ഇറങ്ങേണ്ടിവരുമ്പോഴുള്ള സമയ നഷ്ടം കുറയ്ക്കും. വിദഗ്ധരുടെ പരിശോധന റിപ്പോര്‍ട്ട് ഡി.ജി.സി.എക്ക് കൈമാറിയിട്ടുണ്ട്. ഡി.ജി.സി.എ അനുമതി ഈ മാസം ലഭിക്കും.
ഇതിന്റെ മുന്നോടിയായാണ് ഇന്ന് വിമാന കമ്പനികള്‍, വിമാനത്താവളത്തിലെ ഉന്നതര്‍, ഗ്രൗണ്ട് ഹാന്റ്‌ലിങ് വിഭാഗം പ്രതിനിധികള്‍ എന്നിവരുടെ യോഗം ചേരുന്നത്. സാങ്കേതിക കുരുക്കുകള്‍ കാരണമാണ് പദ്ധതി ഇതുവരെ കമ്മിഷന്‍ ചെയ്യാന്‍ കഴിയാതിരുന്നത്. എന്നാല്‍, രണ്ടുവര്‍ഷമായി പരീക്ഷണാര്‍ഥം ഇത് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. പരീക്ഷണം വിജയപ്രദമായതോടെയാണ് പ്രവര്‍ത്തനത്തിന് അനുമതി ലഭ്യമാക്കുന്നത്.
റഡാറില്ലാത്ത കരിപ്പൂര്‍ ഉള്‍പ്പെടെയുള്ള 14 വിമാനത്താവളങ്ങളെ എ.ഡി.എസ്-ബി സംവിധാനം വഴി ബന്ധിപ്പിച്ചിട്ടുണ്ട്.
കൊച്ചിയിലെ റഡാറുമായി കരിപ്പൂരിലെ സംവിധാനം ബന്ധിപ്പിക്കുകയും ചെയ്യും.
കരിപ്പൂര്‍ വിമാനത്താവളത്തിലെ വ്യോമയാന ഗതാഗത നിയന്ത്രണ വിഭാഗത്തിനാണ് അത്യാധുനിക സംവിധാനമായ എ.ഡി.എസ്-ബിയുടെ ചുമതലയുള്ളത്.













