കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്രയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബിഡിജെഎസ് തീരുമാനം


ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ബിഡിജെഎസിന്റെ തീരുമാനം. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് നല്‍കുന്ന സ്വീകരണ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം ബിജെപിയുമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കിലും തല്‍ക്കാലം എന്‍ഡിഎ മുന്നണിയില്‍ നിന്ന് ബിഡിജെഎസ് പുറത്തുപോകില്ല. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്ബ് മുന്നണി മാറ്റം അടക്കമുള്ള വിഷയങ്ങളില്‍ നിലപാടെടുക്കാമെന്നും ബിഡിജെഎസ് തീരൂമാനമെടുത്തു.
ജനരക്ഷാ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ മുന്നൊരുക്ക ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാത്തതിനെ തുടര്‍ന്നാണ് യാത്രയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബി.ഡി.ജെ.എസ് തീരുമാനിച്ചിട്ടുള്ളത്. മാത്രമല്ല കേന്ദ്രമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ബിജെപി നല്‍കിയ സ്വീകരണങ്ങളില്‍ ബിഡിജെഎസിനെ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇനിയുള്ള സ്വീകരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം.
കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്ഥാനമാനങ്ങള്‍ വേണമെന്ന് ബിഡിജെഎസ് കേന്ദ്ര- സംസ്ഥാന ബിജെപി നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ബിജെപി തീരുമാനമെടുക്കാത്തതാണ് കടുത്ത തീരുമാനത്തിലേക്ക് പോകാന്‍ പ്രേരിപ്പിച്ചിട്ടുള്ളത്. എന്‍ഡിഎ എന്ന പരിഗണന ബിജെപി നല്‍കുന്നില്ലെന്ന് ബിഡിജെഎസിന് പരാതിയുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. ഇതേത്തുടര്‍ന്ന് എന്‍ഡിഎ സംസ്ഥാന നേതൃയോഗത്തില്‍ നിന്ന് ബിഡിജെഎസ് വിട്ടുനിന്നിരുന്നു.




Sharing is Caring