കുതിച്ചുയര്‍ന്ന ഇന്ധനവില താഴേക്ക്; തുടര്‍ച്ചയായി വില കുറഞ്ഞത് 18 ദിവസം


ന്യൂഡല്‍ഹി: കുതിച്ചുയര്‍ന്ന ഇന്ധനവില താഴേക്ക്. തുടര്‍ച്ചയായി 18 ദിവസവും ഇന്ധനവില കുറഞ്ഞു.


കഴിഞ്ഞ മാസം 18 മുതലാണ് ഇന്ധനവില തുടര്‍ച്ചയായി 18 ദിവസവും കുറഞ്ഞത്. രാജ്യമൊട്ടാകെ പെട്രോളിന് 4 രൂപയിലേറെയും ഡീസലിന് രണ്ടു രൂപയിലേറെയുമാണ് കുറവു വന്നത്. കേരളത്തില്‍ പെട്രോളിന് 4.17 രൂപയും ഡീസലിന് 2.63 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞ 17 ന് എറണാകുളം ജില്ലയിലെ കാക്കനാട്ട് പെട്രോളിന് 84.91 രൂപയും ഡീസലിന് 79.78 രൂപയുമായിരുന്നു വില. ഇന്നലെ വില യഥാക്രമം 80.74 രൂപയും 77.15 രൂപയും.


രൂപയുടെ വിനിമയമൂല്യവും പതിയെ മെച്ചപ്പെട്ടു. ഇന്നലെ മാത്രം പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് കുറഞ്ഞത്. തുടര്‍ന്നുള്ള ദിവസങ്ങളിലും വില കുറയുവാനുള്ള പ്രവണതയാണു കാണുന്നത്.

ഓഗസ്റ്റ് 16നു തുടങ്ങിയ വിലക്കയറ്റം 2 മാസത്തോളം നീണ്ട ശേഷമാണ് ഇടിഞ്ഞത്. ഭീമമായ വിലവര്‍ധനയെത്തുടര്‍ന്ന് കഴിഞ്ഞ നാലിന് കേന്ദ്രസര്‍ക്കാര്‍ ലീറ്ററിന് ഒന്നര രൂപ വീതം തീരുവ കുറച്ചിരുന്നു. പിന്നാലെ വിവിധ സംസ്ഥാനങ്ങളും നികുതി കുറച്ചു. അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഇടിവാണ് ഉപയോക്താക്കള്‍ക്കു തുണയായത്.



Sharing is Caring