കിഴക്കൻ ലഡാക്ക് മേഖലയിൽ പുതുതായി എർപ്പെടുത്തിയ സൈനിക സന്നാഹങ്ങൾ സ്ഥിരമാക്കാൻ ഇന്ത്യ തീരുമാനിച്ചു. യുദ്ധവിമാനങ്ങളുടെ വിന്യാസമടക്കം ആകും സ്ഥിരമാക്കുക. അധികമായി 3000 സൈനികരെയും വിന്യസിക്കും.
ഈ മാസം അവസാനമോ ജൂലൈ ആദ്യമോ പ്രതിരോധമന്ത്രി ലഡാക്കിൽ സന്ദർശനം നടത്തും. റിക് ഉച്ചകോടിക്കായി റഷ്യയിലേക്ക് പോകുന്നതിന് മുൻപ് ഉന്നതതല സൈനിക യോഗം വിളിച്ച പ്രതിരോധമന്ത്രി മേഖലയിലെ സാഹചര്യങ്ങൾ വിലയിരുത്തി.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് നാളെ റിക് ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യയ്ക്ക് പോകും. ഇതിന് മുന്നോടിയായിരുന്നു ഉന്നത സൈനിക നേതൃത്വവുമായുള്ള ചർച്ച. നിലവിലുള്ള സാഹചര്യവും റിക് ഉച്ചകോടിയിൽ സ്വീകരിക്കേണ്ട നിലപാടുകളും യോഗം ചർച്ച ചെയ്തു.
നിലവിൽ കിഴക്കൻ ലഡാക്ക് മേഖലയിൽ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ സംബന്ധിച്ച റിപ്പോർട്ട് കര-വ്യോമ മേധാവികൾ പ്രതിരോധമന്ത്രിക്ക് നൽകി. ഏർപ്പെടുത്തിയ അധിക ക്രമീകരണങ്ങൾ എല്ലാം ഫലപ്രദമായി മാറി എന്നാണ് ഇതിലെ പ്രധാന ഉള്ളടക്കം.













