കിര്‍ഗിസ്ഥാന്‍ സൈന്യത്തിലെ ഉന്നത പദവിയില്‍ കോഴിക്കോട് സ്വദേശി റഫീഖ്


കിര്‍ഗിസ്ഥാന്‍ സൈന്യത്തിലെ ഉന്നത പദവിയില്‍ ഇന്ത്യന്‍ വംശജനും ജനനം കൊണ്ട് മലയാളിയുമായ ശൈഖ് റഫീഖിനെ നിയമിച്ചു. ഇന്ത്യക്ക് പുറത്തു ഉന്നത സൈനിക പദവിയില്‍ എത്തുന്ന ഇന്ത്യന്‍ വംശജനായ മലയാളിയെന്ന അപൂര്‍വ്വ ബഹുമതി ഇതോടെ റഫീഖിനു വന്നെത്തി. കിര്‍ഗിസ്ഥാന്‍ സൈന്യത്തില്‍ കേണല്‍ ജനറലായാണ് നിയമനം.


കിര്‍ഗിസ്ഥാന്‍ സൈന്യത്തിലെ രണ്ടാം പദവിയാണ് കേണല്‍ ജനറല്‍. കിര്‍ഗിസ്ഥാന്‍ പൗരനും ഗാമണ്‍ സഊദി കമ്പനിയുടെയും ഗാമണ്‍ മിഡില്‍ ഈസ്റ്റിന്റെയും ചെയര്‍മാനുമായ ശൈഖ് റഫീഖ് അഹമ്മദ് ദീര്‍ഘ കാലമായി കിര്‍ഗിസ്ഥാന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവായി നിയമിതനായിരുന്നു.


കിര്‍ഗിസ്ഥാന്‍ പരമാധികാര രാഷ്ട്രമായി രൂപം കൊണ്ട ശേഷം രാജ്യത്തേക്ക് വാന്‍ തോതില്‍ വിദേശ നിക്ഷേപം എത്തിക്കുന്നതില്‍ റഫീഖ് അഹമ്മദ് നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു. സഊദി അറേബ്യയടക്കം വിവിധ അറബ് രാജ്യങ്ങളുമായി കിര്‍ഗിസ്താന്റെ നയതന്ത്ര ബന്ധം ഊഷ്മളമാക്കുന്നതിലും റഫീഖ് അഹമ്മദ് നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. ഈ മേഖലയിലെ കഴിവാണ് നിലവിലെ പദവിയിലേക്ക് കിര്‍ഗിസ്ഥാന്‍ ഭരണ കൂടം തിരഞ്ഞെടുക്കാന്‍ കാരണം.

കിര്‍ഗിസ്ഥാന്റെ സമഗ്ര വികസനത്തിന് നല്‍കിയ സംഭാവന മാനിച്ചാണ് കേണല്‍ ജനറലായി നിയമിച്ചതെന്നു പദവി കൈമാറ്റത്തിനിടെ പ്രതിരോധ മന്ത്രി ജനറല്‍ മിര്‍സ അലി പറഞു. നിരവധി പ്രമുഖര്‍ സാക്ഷിയായ ചടങ്ങില്‍ ഗാമണ്‍ ഗ്രൂപ് ചെയര്‍മാനും മലയാളിയുമായ നിഖില്‍ എസ് മാക്കത്തും സന്നിഹിതനായിരുന്നു. കിര്‍ഗിസ്ഥാനു വേണ്ടി സേവന നിരത്താനാകാന്‍ കൂടുതല്‍ അവസരം കൈവന്നിരിക്കുകയാണെന്നും ദൈവത്തിനും തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്ന മാതാവിനും ലക്ഷക്കണക്കിന് മലയാളി സുഹൃത്തുക്കള്‍ക്കും ഉന്നത പദവി സമപ്പിക്കുന്നുവെന്നും ശൈഖ് റഫീഖ് പറഞ്ഞു. സഊദി രാജ കുടുംബാംഗമായ സഊദ് ബിന്‍ മുസായിദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെ വ്യവസായ പങ്കാളിയുമാണ് ശൈഖ് റഫീഖ് അഹമ്മദ്.

കോഴിക്കോട്ട് ജനിച്ച ശൈഖ് മുഹമ്മദ് റഫീഖിന്റെ കുടുംബം അഞ്ചാം ക്ലാസ് വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം മുംബൈയിലേക്ക് പോയി. വിദ്യാഭ്യാസത്തിനു ശേഷം മുംബൈയില്‍ ബിസിനസ് തുടങ്ങുകയും പിന്നീട് ദുബൈയിലേക്ക് ചേക്കേറുകയുമായിരുന്നു. യു.എ.ഇ, ഇറാന്‍, സഊദി രാജ്യങ്ങളില്‍ ജോലി ചെയ്തു. പിതാവ് പരേതനായ അബ്ദുല്‍ ഹമീദാണ്. ഫാത്തിമയാണ് മാതാവ് ഭാര്യ ഡോ : ഖാദിയ, റോബിന്‍ ഏക മകനാണ്.



Sharing is Caring