കിടിലന്‍ ലുക്കില്‍ സുസുക്കി സ്വിഫ്റ്റ് സ്‌പോര്‍ട്ട്


സുസുക്കി നിരയിലെ ജനപ്രിയ മോഡലായ സ്വിഫ്റ്റിന് പുതിയ സ്‌പോര്‍ട്‌സ് എഡിഷന്‍ പുറത്തിറക്കുമെന്ന് സുസുക്കി പ്രഖ്യാപിച്ചിട്ട് നാളുകുറച്ചായി. ഒടുവിലിപ്പോള്‍ വരവറിയിച്ച്‌ സ്വിഫ്റ്റ് സ്‌പോര്‍ട്ടിന്റെ ചിത്രങ്ങള്‍ ഔദ്യോഗികമായി കമ്പനി പുറത്തുവിട്ടു. മൂന്നാം തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ അടിസ്ഥാനത്തില്‍ കടും മഞ്ഞ നിരത്തില്‍ അഗ്രസീവ് രൂപം കൈവരിച്ചാണ് സ്വിഫ്റ്റ് സ്‌പോര്‍ട്ടിന്റെ വരവ്. സെപ്തംബര്‍ 12-ന് നടക്കുന്ന ഫ്രങ്ക്ഫര്‍ട്ട് ഓട്ടോഷോയില്‍ സ്വിഫ്റ്റ് സ്‌പോര്‍ട്ട് അരങ്ങേറ്റം കുറിക്കും.
ഗ്ലോബല്‍ ലോഞ്ചിന് ശേഷം മാരുതി കൂട്ടുകെട്ടില്‍ മികച്ച അടിത്തറയുള്ള ഇന്ത്യയിലേക്കും പുതിയ മോഡല്‍ വിരുന്നിനെത്തും, ഗ്രേറ്റ് നോയിഡയില്‍ നടക്കുന്ന 2018 ഓട്ടോ ഷോയില്‍ ഇവന്‍ ഇങ്ങോട്ടെത്താനാണ് സാധ്യത. റഗുലര്‍ സ്വിഫ്റ്റില്‍ നിന്ന് മുന്നിലെയും പിന്നിലെയും ബംമ്പര്‍, റേഡിയോറ്റര്‍ ഗ്രില്‍ എന്നിവയുടെ ഡിസൈനില്‍ മാറ്റമുണ്ട്. അലോയി വീല്‍ സ്‌പോര്‍ട്ടി രൂപത്തിന് ചേര്‍ന്നതാണ്. 148 ബിഎച്ച്പി കരുത്തേകുന്ന 1.4 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിന്‍ വാഹനത്തില്‍ ഉള്‍പ്പെടുത്തുമെന്ന് അഭ്യൂഹമുണ്ട്.
6 സ്പീഡ് ഓട്ടോമാറ്റിക്ക്, 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുക. ടര്‍ബോ ചാര്‍ജ് എന്‍ജിന് പകരം ബലേനോ ആര്‍എസില്‍ നല്‍കിയ 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എന്‍ജിന്‍ ഇന്ത്യന്‍ സ്‌പെക്ക് സ്വിഫ്റ്റില്‍ നല്‍കാന്‍ സാധ്യതയുണ്ട്. ഏകദേശം 10-12 ലക്ഷത്തിനുള്ളിലാകും ഇവിടെ ഇവന്റെ വിപണി വില. വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഫ്രങ്ക്ഫര്‍ട്ട് ഓട്ടോഷോയില്‍ മാത്രമേ കമ്പനി വ്യക്തമാക്കുകയുള്ളു.




Sharing is Caring