ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോടു സുപ്രീം കോടതി വിശദീകരണം തേടി. റഫാല്‍ യുദ്ധവിമാന ഇടപാട് സംബന്ധിച്ച് കഴിഞ്ഞ ദിവസം സുപ്രീം കോടതി പുറപ്പെടുവിച്ച വിധി തെറ്റായി ഉപയോഗിച്ചു എന്നു ചൂണ്ടിക്കാട്ടി ബിജെപി നേതാവ് മീനാക്ഷി ലേഖി സമര്‍പ്പിച്ച ഹര്‍ജിയിലാണ് രാഹുല്നിന്നു വിശദീകരണം തേടാന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചത്.
രാഹുല്‍ പറഞ്ഞ തരത്തില്‍ ഒരു പരാമര്‍ശം കോടതി നടത്തിയിട്ടില്ലെന്നും രേഖകള്‍ പരിശോധിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക മാത്രമാണു ചെയ്തതെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. കേസ് ഈ മാസം 23-ന് വീണ്ടും കേള്‍ക്കും.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികളില്‍ പുതിയ രേഖകള്‍ ഉള്‍പ്പെടുത്തി വാദം കേള്‍ക്കുമെന്ന ഉത്തരവിനു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം കോടതിയലക്ഷ്യമെന്നു ചൂണ്ടിക്കാട്ടിയാണു ബിജെപി എംപിയായ ലേഖി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
സുപ്രീംകോടതി ഉത്തരവ് വന്നതിനു പിന്നാലെ പ്രധാനമന്ത്രിക്കെതിരേ രാഹുല്‍ നടത്തിയ പരാമര്‍ശമാണ് മീനാക്ഷി ലേഖി ചൂണ്ടിക്കാട്ടിയത്. “സുപ്രീം കോടതി പറഞ്ഞിരിക്കുന്നു, കാവല്ക്കാരന് കള്ളനാണ്’ എന്നു രാഹുല്‍ പറഞ്ഞെന്നും ഇത് കോടതിയലക്ഷ്യമാണെന്നും മീനാക്ഷി ലേഖിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോഹ്തഗി ചൂണ്ടിക്കാട്ടി. രാഹുലിന്റെ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് ആരോപിച്ച് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും രംഗത്തെത്തിയിരുന്നു.













