കാസര്‍കോട് കാണാതായ സന ഫാത്തിമയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി


ഏഴ് ദിവസം മുന്‍പ് പാണത്തൂര്‍ ബാപ്പുങ്കയത്തെ വീട്ടുമുറ്റത്ത് നിന്ന് കാണാതായ ഓട്ടോറിക്ഷാ ഡ്രൈവര്‍ ഇബ്രാഹിമിന്റെ മകള്‍ മൂന്ന് വയസുകാരി സന ഫാത്തിമയുടെ മൃതദേഹം വീടിനടുത്തുള്ള പുഴയില്‍ നിന്ന് കണ്ടെത്തി.


ദുരന്തനിവാരണ സേനാംഗങ്ങളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി നാട്ടുകാരും സര്‍ക്കാര്‍ സംവിധാനങ്ങളും പുഴയില്‍ തിരച്ചില്‍ തുടരുകയായിരുന്നു. രണ്ട് കിലോമീറ്റർ അകലെ പുഴയില്‍ മരത്തിന്റെ വേരുകളില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.


കഴിഞ്ഞ മൂന്നിന് വൈകുന്നേരം അങ്കണ്‍വാടിയില്‍ നിന്നെത്തിയ സന ഫാത്തിമ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ കാണാതാവുകയായിരുന്നു. ഒന്‍പത് ദിവസമായി നാട്ടുകാരും മറ്റും കുഞ്ഞിനെ കണ്ടെത്താനായി വീടിന് സമീപത്തെ പുഴയില്‍ തിരച്ചില്‍ നടത്തുകയും പൊലിസ് സമാന്തര അന്വേഷണം നടത്തുകയുമായിരുന്നു.

അതിനിടയിലാണ് സന ഫാത്തിമയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തിയത്. സനയെ കണ്ടെത്തിയെന്ന രീതിയില്‍ വാട്‌സ് ആപ്പ് സന്ദേശം പരന്നത് സംഭവത്തെ കൂടുതല്‍ ദുരൂഹമാക്കിയിരുന്നു.



Sharing is Caring