കാശ്മീരില്‍ സൈനിക ഓഫീസര്‍ വെടിയേറ്റു മരിച്ച നിലയില്‍


തെക്കന്‍ കാശ്മീരിലെ ഷോപ്പിയാനില്‍ സൈനിക ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. ലഫ്റ്റനന്റ് റാങ്കിലുള്ള ഉമര്‍ ഫയാസ് എന്ന സൈനികനെയാണ് ഹെര്‍മെയിന്‍ ജില്ലയില്‍ ശരീരത്ത് വെടിയുണ്ടകള്‍ തുളഞ്ഞു കയറിയ നിലയില്‍ കണ്ടെത്തിയത്. തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ നിഗമനം.


കുല്‍ഗാം സ്വദേശിയായ ഫയാസ്, ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ചൊവ്വാഴ്ചയാണ് ഷോപ്പിയാനിലേക്ക് പോയതെന്ന് പൊലീസ് പറഞ്ഞു.രാത്രി ഏറെ വൈകിയിട്ടും തിരിച്ച്‌ വീട്ടിലെത്തിയിരുന്നില്ല. എന്നാല്‍,​ ഫയാസിനെ കാണാതായ വിവരം ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിരുന്നില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. നിരവധി വെടിയുണ്ടകള്‍ തുളഞ്ഞു കയറിയ നിലയിലായിരുന്നു മൃതദേഹം. കാശ്മീരില്‍ സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നെന്ന് ആരോപിച്ച്‌ ജനങ്ങള്‍ സേനയ്ക്കെതിരെ പ്രതിഷേധം നടത്തി വരുന്നതിനിടെയാണ് പുതിയ സംഭവം.




Sharing is Caring