കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയില്ലെങ്കില്‍ സഖ്യം വിടാന്‍ ശിവസേന


കാര്‍ഷിക വായ്പയും കര്‍ഷക ആത്മഹത്യയും ബിജെപിക്കെതിരെ രാഷ്ട്രീയ ആയുധമാക്കി മാറ്റാന്‍ ഒരുങ്ങി ശിവസേന.
ജൂലൈ മാസത്തോടെ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയില്ലെങ്കില്‍ മഹാരാഷ്ട്രയിലെ കൂട്ടുകക്ഷി സര്‍ക്കാരില്‍ നിന്ന് പിന്മാറാന്‍ ശിവസേന ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ജൂലൈ മാസത്തോടെ തീരുമാനമുണ്ടായില്ലെങ്കില്‍ മഹാരാഷ്ട്രയിലെ ബിജെപി സഖ്യസര്‍ക്കാരിനെതിരെ’വലിയ തീരുമാനം’ കൈക്കൊള്ളും-ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ അറിയിച്ചു. ജൂലൈ വരെ വായ്പകള്‍ പൂര്‍ണമായി എഴുതിത്തള്ളാന്‍ സമയം നല്‍കിയിട്ടുണ്ട്. അതിന് തയാറായില്ലെങ്കില്‍ വലിയ തീരുമാനം കൈക്കൊള്ളുംഉദ്ധവ് താക്കറെ പറഞ്ഞു.
കര്‍ഷക പ്രക്ഷോഭം ശക്തിപ്രാപിച്ചതോടെ ഞായറാഴ്ചയാണ് പ്രതിഷേധം തണുപ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചത്.
അതിനിടെ കര്‍ഷകരുമായി ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തിവരുകയാണ്. ഹരിത വിപ്ലവത്തെക്കുറിച്ച് ഇവിടുത്തെ കര്‍ഷകര്‍ കേട്ടിട്ടുണ്ട്. പക്ഷേ മഹാരാഷ്ട്രയിലെ കര്‍ഷകരെ സംബന്ധിച്ച് ഈ ഹരിത വിപ്‌ളവം കൊണ്ടുവരാനായി മറ്റൊരു വിപ്ലവം തന്നെ സൃഷ്ടിക്കേണ്ട അവസ്ഥയാണ്. സര്‍ക്കാരിനെക്കൊണ്ട് ഈ തീരുമാനം എടുപ്പിക്കാനായത് കര്‍ഷകരുടെ വിജയമാണ്-ഉദ്ധവ് താക്കറെ പറഞ്ഞു.




Sharing is Caring