ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്യുന്നതിനായി മുംബൈയിലേക്ക് കൊണ്ടുപോകും. ഐ.എന്‍.എക്‌സ് മീഡിയ കമ്പനിക്ക് വേണ്ടി വിദേശ നിക്ഷേപ ഇടപാടില്‍ ഇടനിലക്കാരനായി കോഴ വാങ്ങിയെന്ന കേസില്‍ പ്രതിയാക്കപ്പെട്ട കാര്‍ത്തി അന്വേഷണ ഏജന്‍സിയുമായി സഹകരിക്കാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാം പ്രതിയാണ് കാര്‍ത്തി.
വിദേശ നിക്ഷേപം സ്വീകരിക്കാനായി ഐ.എന്‍.എക്‌സ് മീഡിയ ടെലിവിഷന്‍ കമ്പനിക്ക് എഫ്.ഐ.പി.ബി അനുമതി ലഭ്യമാക്കിയതിലൂടെ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളില്‍ നിന്ന് 3.5 കോടി രൂപാ കോഴ വാങ്ങിയെന്നാണ് കേസ്. പി. ചിദംബരം ധനമന്ത്രിയായിരുന്ന 2007ല്‍ ധനമന്ത്രാലയത്തില്‍ സ്വാധീനം ചെലുത്തിയാണ് മൗറീഷ്യസില്‍ നിന്നും 300 കോടിയുടെ നിക്ഷേപം തരപ്പെടുത്താന്‍ അനുമതി വാങ്ങി നല്‍കിയത്.

കമ്പനി ഡയറക്ടര്‍മാരായ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവരില്‍ നിന്നാണ് കോഴ കൈപ്പറ്റിയത്. കേസില്‍ കാര്‍ത്തിയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എസ്. ഭാസ്‌കര രാമന്‍ നേരത്തെ അറസ്റ്റിലായിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ചിദംബരവും മകന്‍ കാര്‍ത്തിയും ആരോപിക്കുന്നു. കാര്‍ത്തിയുടെ സി.ബി.ഐ കസ്റ്റഡി ചൊവ്വാഴ്ച വരെ നീളും.













