കാര്‍ത്തി ചിദംബരത്തിന്റെ അക്കൗണ്ടില്‍നിന്ന് 1.8 കോടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനു കൈമാറിയതായി എന്‍ഫോഴ്സ്മെന്റ്


ന്യൂഡല്‍ഹി: രാജ്യത്തെ ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം 1.8 കോടി രൂപ അനധികൃതമായി മാറ്റിയിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ കണ്ടെത്തി.റോയല്‍ ബാങ്ക് ഓഫ് സ്കോട്ലന്‍ഡിന്റെ ചെന്നൈ ബ്രാഞ്ചിലുള്ള കാര്‍ത്തി ചിദംബരത്തിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം മാറ്റിയത്. മൂന്ന് തവണകളായിട്ടാണ് ഇങ്ങനെ പണം മാറ്റിയിട്ടുള്ളതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. 2006 ജനുവരി 16 നും 2009 സെപ്തംബര്‍ 23 നും ഇടയ്ക്ക് നടന്ന ഇടപാട് ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ അക്കൗണ്ടിലേക്കാണെന്നും വിവരമുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ അധികൃതര്‍ തയ്യാറായില്ല.


ഐ.എന്‍. എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് തന്നെ സി.ബി.ഐ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതമായിട്ടാണെന്നായിരന്നു കാര്‍ത്തി ചിദംബരത്തിന്റെ ആരോപണം. ഇതിനിടെയാണ് എന്‍ഫോഴ്സ്മെന്റ് അധികൃതരുടെ പുതിയ കണ്ടെത്തല്‍.


ഐ.എന്‍.എക്സ് മീഡിയ ഇടപാടുമായി ബന്ധപ്പെട്ട് ഫെബ്രുവരി 28 ന് സി.ബി.ഐ അറസ്റ്റ് ചെയ്ത കാര്‍ത്തി ചിദംബരം ഇപ്പോള്‍ മുംബൈയിലെ ബൈക്കുള ജയിലിലാണുള്ളത്. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കാര്‍ത്തി ചിദംബരത്ത എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനായി സി.ബി.ഐ കസ്റ്റഡി പൂര്‍ത്തിയാവാന്‍ കാത്തിരിക്കുകയാണ് അധികൃതര്‍.



Sharing is Caring