കാമുകിമാര്‍ പരിചയപ്പെട്ടു; കാമുകന്റെ കള്ളം പൊളിഞ്ഞു


പ്രണയം ഭാവിച്ച് പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന യുവാവ് പിടിയില്‍. നിരവധി പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ 22കാരനെ വയനാട് ബത്തേരി പോലീസാണ് പിടികൂടിയത്. 16ഉം 19ഉം വയസ്സുള്ള പെണ്‍കുട്ടികളുടെ പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ്, പ്രണയം നടിച്ച് ലൈംഗിക ചൂഷണം നടത്തി നിരവധി പെണ്‍കുട്ടികളെ വഞ്ചിച്ച കഥകള്‍ പുറത്തു വന്നത്. ബത്തേരി സിഐ എംഡി സുനിലിന്റെ നേതൃത്വത്തിലാണ് പ്രതി അഭിനോഷിനെ അറസ്റ്റ് ചെയ്തത്.


പരാതിക്കാരിയായ 19കാരിയെ ഇയാള്‍ കഴിഞ്ഞ നാലു വര്‍ഷമായി പ്രണയം നടിച്ച് ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. ഒരു കല്ല്യാണ വീട്ടില്‍ വെച്ചുള്ള പരിചയമാണ് ഇരുവരുടേയും പ്രണയത്തിലെത്തിയത്. തുടര്‍ന്ന് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും, ഈ ദൃശ്യങ്ങള്‍ ഫോട്ടോയായും വീഡിയോയായും പകര്‍ത്തുകയും ചെയ്തു. പിന്നീട് ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചു. ഇതേതുടര്‍ന്ന് ഒരു തവണ പെണ്‍കുട്ടി ആത്മഹത്യയ്ക്കും ശ്രമിച്ചിട്ടുണ്ട്.
ഇതിനിടെയായിരുന്നു പതിനാറുകാരിയെയും പ്രണയം പറഞ്ഞ് വലയിലാക്കിയത്. ഈ പെണ്‍കുട്ടിയെയും ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ഫോണില്‍ പരിചയമുള്ള പെണ്‍കുട്ടിയുടെ ഫോട്ടോ കണ്ടതോടെ ഈ കുട്ടി പിന്മാറി. പിന്നീട് വിവരം 19കാരിയെ അറിയിക്കുകയും ചെയ്തതോടെയാണ് ചതി പുറത്തുവന്നത്. ഇതിനിടെ മറ്റൊരു പെണ്‍കുട്ടിയുമായി അഭിനോഷ് ബന്ധത്തിലായതും ഇവര്‍ അറിഞ്ഞു. തുടര്‍ന്ന് വീട്ടുകാരെ അറിയിക്കുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.


ആഢംബര വാഹനങ്ങളിലെത്തിയാണ് ഇയാള്‍ പെണ്‍കുട്ടികളെ വലയിലാക്കിയിരുന്നത്. നിരവധി പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ഇയാള്‍ക്ക് സഹായമൊരുക്കിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.



Sharing is Caring