കോലാലംപൂര്‍: 2014ല്‍ കാണാതായ മലേഷ്യന്‍ എയര്‍ ലൈന്‍സിന്‍റെ എം.എച്ച് 370 വിമാനത്തിനായുള്ള തെരച്ചില്‍ ജൂണില്‍ അവസാനിപ്പിക്കുമെന്ന് മലേഷ്യ. അമേരിക്കന്‍ കമ്ബനിയായ ഒാഷ്യന്‍ ഇന്‍ഫിനിറ്റിയാണ് നിലവില്‍ വിമാനത്തിനായുള്ള തെരച്ചില്‍ നടത്തുന്നത്. വിവിധ രാജ്യങ്ങളുടെ സംയുക്ത തെരച്ചില്‍ അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് മലേഷ്യന്‍ സര്‍ക്കാര്‍ ചുമതല കമ്ബനിക്ക് കൈമാറിയത്. 90 ദിവസമായിരുന്നു കാലാവധിയങ്കിലും, മോശം കാലാവസ്ഥയെ തുടര്‍ന്ന് പലതവണ തെരച്ചില്‍ നിര്‍ത്തി വെക്കേണ്ടി വന്നതാണ് നീണ്ടു പോവാന്‍ കാരണമെന്ന് മലേഷ്യന്‍ വ്യോമയാന വിഭാഗം തലവന്‍ അറിയിച്ചു.
2014 മാര്‍ച്ച് എട്ടിനാണ് കോലാലംപൂരില്‍ നിന്നും ബെയ്ജിങ്ങിലേക്ക് 239 യാത്രക്കാരുമായി പോയ വിമാനം തെക്കന്‍ ചൈനീസ് കടലിന് മുകളില്‍ വെച്ച് കാണാതാവുന്നത്. പറന്നുയര്‍ന്ന് ഒരു മണിക്കൂറിനുള്ളിലാണ് വിമാനം എയര്‍ ട്രാഫിക് വിഭാഗത്തിന്‍റെ റഡാറില്‍ നിന്നും അപ്രത്യക്ഷമായത്. തുടര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും ഇതു വരെ വിമാനത്തിന്‍റെ യൊതൊരു വിവരവും ലഭിച്ചിട്ടില്ല.
വിമാനം കാണാതായതിന്‍റെ നാലാം വാര്‍ഷികത്തില്‍ ശനിയാഴ്ച യാത്രക്കാരുടെ ബന്ധുക്കള്‍ ഒത്തു കൂടി. ചടങ്ങില്‍ കാണാതായവര്‍ക്കായി പ്രത്യേക പ്രാര്‍ഥനകളുമുണ്ടായിരുന്നു.














