ദില്ലി: നാഗാലാന്‍ഡില്‍ ബിജെപി മുന്നണി ഭരണം ഉറപ്പിച്ചു. അതേസമയം, മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസും ബിജെപിയും സജീവമാക്കി. ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസ് ആണെങ്കിലും ചെറിയ കക്ഷികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിനിടെ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു.
നാഗാലാന്‍ഡില്‍ ബിജെപി-എന്‍ഡിപിപി സഖ്യത്തിന് 27 സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍ കേവല ഭൂരിപക്ഷത്തിന് 31 എംഎല്‍എമാരുടെ പിന്തുണ ആവശ്യമാണ്. ജനതാ ദള്‍ യു വിലെ ഒരു അംഗത്തിന്റെയും നാഷണല്‍ പീപ്പിള്‍ പാര്‍ട്ടിയിലെ രണ്ട് അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയോടെ ഭരണം ഉറപ്പാക്കാം എന്ന പ്രതീക്ഷയിലാണ് എന്‍ഡിപിപി. എന്നാല്‍ നിയമസഭയില്‍ 27 അംഗങ്ങളുള്ള നാഷണല്‍ പീപ്പിള്‍സ് ഫ്രണ്ട്, ബിജെപിക്കൊപ്പം സഖ്യത്തിലാകാം എന്ന് വ്യക്തമാക്കിയിട്ടുണ്ട്.ഏതായാലും നാഗാലാന്‍ഡില്‍ ബിജെപി ഉള്‍പ്പെടുന്ന മുന്നണിയാകും ഭരണത്തില്‍ വരുക എന്ന് ഉറപ്പായി. ബിജെപി-എന്‍ഡിപിപി സഖ്യമാണ് അധികാരത്തില്‍ വരുന്നതെങ്കില്‍, മുന്‍ മുഖ്യമന്ത്രിയും എന്‍പിഎഫിന്റെ മുന്‍ അധ്യക്ഷനുമായ നെഫ്യു റിയോ മുഖ്യമന്ത്രിയാകും എന്നാണ് സൂചന.

മേഘാലയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. അറുപതംഗ നിയമസഭയില്‍ 21 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. കേവല ഭൂരിപക്ഷത്തിന് 10 അംഗങ്ങളുടെ കൂടി പിന്തുണ ആവശ്യമാണ്. 19 സീറ്റുനേടിയ എന്‍പിപിയെ കൂട്ടുപിടിച്ചു രണ്ടു സീറ്റ് നേടിയ ബിജെപി, ഭരണം നേടാനുളള ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. ആറ് സീറ്റുള്ള യുഡിപിയും രണ്ട് സീറ്റുള്ള എച്ച്‌എസ്പിഡിപിയും ബിജെപിയെ പിന്തുണച്ചേക്കും. മൂന്ന് സ്വതന്ത്രരുടെ പിന്തുണ ആര്‍ക്കാണെന്ന് വ്യക്തമായിട്ടില്ല.കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അഹമ്മദ് പട്ടേലും കമല്‍ നാഥും ഷില്ലോങ്ങില്‍ ക്യാമ്ബ് ചെയ്ത് നീക്കങ്ങള്‍ നടത്തുന്നുണ്ട്. ബിജെപിക്ക് വേണ്ടി കേന്ദ്രമന്ത്രി കിരണ്‍ റിജിജു, ഹിമാന്ത ബിശ്വാസ് ശര്‍മ്മ, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരാണ് മറ്റ് കക്ഷികളുമായി ചര്‍ച്ച നടത്തുന്നത്.













