വാഷിങ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കും പാകിസ്താനുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ വീണ്ടും സന്നദ്ധത അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കശ്മീര്‍ വിഷയത്തില്‍ ട്രംപിന്റെ മധ്യസ്ഥതാ വാഗ്ദാനം ഇന്ത്യ സ്വീകരിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന്, മധ്യസ്ഥതാ വാഗ്ദാനം സ്വീകരിക്കണോ വേണ്ടയോ എന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കശ്മീര്‍ വിഷയം പരിഹരിക്കണോ വേണ്ടയോ എന്നത് ഇന്ത്യയും പാകിസ്താനുമാണ് തീരുമാനിക്കേണ്ടത്. എന്നാല്‍ പതിറ്റാണ്ടുകളായി തുടരുന്ന പ്രശ്‌നം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളെയും സഹായിക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കശ്മീര്‍ വിഷയ പരിഹാരത്തിന് സഹായിക്കാമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് കഴിഞ്ഞദിവസം നടന്ന കൂടിക്കാഴ്ചയില്‍ പറഞ്ഞിരുന്നെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നേരത്തെ, കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കും പാകിസ്താനും തമ്മില്‍ മധ്യസ്ഥത വഹിക്കാന്‍ മോദി തന്നോട് ആവശ്യപ്പെട്ടുവെന്ന ട്രംപിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ ഈ വാദം ഇന്ത്യ തള്ളി. ട്രംപിനോട് മധ്യസ്ഥത നടത്താന്‍ മോദി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മധ്യസ്ഥതാ വാഗ്ദാനവുമായി ട്രംപ് വീണ്ടുമെത്തിയിരിക്കുന്നത്.













