കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിയില്‍ വിജിലന്‍സ് കേസെടുത്തു: ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഒന്നാം പ്രതി


കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിയില്‍ വിജിലന്‍സ് കേസെടുത്തു. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനെ ഒന്നാം പ്രതിയാക്കിയാണ് കേസ്, മുന്‍ എംഡി രതീഷ് കേസില്‍ രണ്ടാം പ്രതി. കഴിഞ്ഞ ഓണക്കാലത്ത് തോട്ടണ്ടി വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിയിലാണ് കേസെടുത്തത്.


ഇവര്‍ക്കെതിരെ ഗൂഢാലോചന, വഞ്ചന, കണക്കില്‍ കൃത്രിമം കാണിക്കല്‍, എന്നിവയ്ക്കും അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും എഫ്‌ഐആര് രജിസ്റ്റര്‍ ചെയ്യണമെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ഡിസംബറില്‍ വിജിലന്‍സ് തയ്യാറാക്കിയിരുന്നു. റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കൊല്ലം വിജിലന്‍സ് ഡിവൈഎസ്പി ആയിരുന്ന ബി.രാധാകൃഷ്ണപിള്ള കഴിഞ്ഞ ഡിസംബര്‍ 23നാണു വിജിലന്‍സ് ഡയറക്ടര്‍ക്കു റിപ്പോര്‍ട്ട് കൈമാറിയത്.


സ്വകാര്യ കശുവണ്ടി ഫാക്ടറി ഉടമകള്‍ കിലോഗ്രാമിനു 103 മുതല്‍ 107 രൂപയ്ക്കു വരെ സീസണില്‍ തോട്ടണ്ടി വാങ്ങിയപ്പോള്‍ കോര്‍പറേഷന്‍ വാങ്ങിയതു 117 രൂപയ്ക്കാണെന്നു കണ്ടെത്തി. കൂടിയ വിലയ്ക്കു ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി വാങ്ങിയ ഇടപാടിനു പിന്നില്‍ ചെയര്‍മാനും എംഡിക്കുമാണു മുഖ്യ പങ്കെന്നും റിപ്പോര്‍ട്ട് പറയുന്നു.



Sharing is Caring