കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പു ഫലം, ലീഡ് നിലയില്‍ ബിജെപിക്ക് മുന്നേറ്റം; 100 കടന്നു, കോണ്‍ഗ്രസ് രണ്ടാമത്


ബംഗളൂരു:രാജ്യം ഉറ്റുനോക്കുന്ന നിര്‍ണായകമായ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്ബോള്‍ ലീഡ് നിലയില്‍ ബിജെപിക്ക് മുന്നേറ്റം. കടുത്ത മത്സരം നടക്കുന്ന സംസ്ഥാനത്ത് ഭരണകക്ഷിയായ കോണ്‍ഗ്രസ് രണ്ടാമതാണ്. നിര്‍ണായക ശക്തിയായി ജെഡിഎസ് മൂന്നാമതുണ്ട്. ത്രിശങ്കു സഭയാകുമെന്ന് ഏതാണ്ട് ഉറപ്പായതോടെ നിര്‍ണായക ശക്തിയായ ജെഡിഎസിന്റെ പിന്തുണ തേടി കോണ്‍ഗ്രസും ബിജെപിയും ചര്‍ച്ചകള്‍ തുടങ്ങി.


217 സീറ്റുകളിലെ ലീഡ് നില പുറത്ത് വന്നപ്പോള്‍ ബി.ജെ.പിയുടെ ലീഡ് നില 100 പിന്നിട്ടു. ബി.ജെ.പി 103 സീറ്റിലാണ് മുന്നിട്ടു നില്‍ക്കുന്നത്. ഭരണകക്ഷിയായ കോണ്‍ഗ്രസ് 71 സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നു. ജനതാദള്‍ എസ് 41 സീറ്റില്‍ ലീഡ് ചെയ്യുന്നു. തീരദേശ മണ്ഡലങ്ങളില്‍ ബി.ജെ.പിയ്ക്കാണ് മുന്‍തൂക്കം. ലിംഗായത്ത് മേഖലകളില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. 222 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടന്നത്.


എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തൂക്കുസഭയ്ക്ക് സാധ്യത കല്പിക്കുമ്ബോള്‍ ജനതാദള്‍ എസുമായുള്ള ബന്ധത്തിനാണ് കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമം നടത്തുന്നത്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നാല്‍ ജനതാദള്‍ എസിന്റെ തീരുമാനം കര്‍ണാടകയുടെ ഭാവിയില്‍ നിര്‍ണായകമാകും. ഇതോടെ, പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച്‌.ഡി. കുമാരസ്വാമിയുടെ നിലപാടിലേക്ക് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ ലോകം.

എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നതിനു പിന്നാലെ കുമാരസ്വാമി സിംഗപ്പൂരിലേക്കു പോയതും രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്കു കാരണമായിട്ടുണ്ട്. തൂക്കുസഭയ്ക്കുള്ള സാധ്യത തെളിഞ്ഞതോടെ ബി.ജെ.പി, കോണ്‍ഗ്രസ് നേതാക്കള്‍ ജെ.ഡി.എസ് നേതൃത്വവുമായി രഹസ്യ ചര്‍ച്ച നടത്തിയതായും സൂചനയുണ്ട്.



Sharing is Caring