കമല്‍ഹാസനെ വെടിവച്ചുകൊല്ലണമെന്ന് ഹിന്ദുമഹാസഭ


രാജ്യത്ത് ഹിന്ദുത്വഭീകരതയുണ്ടെന്ന് തുറന്നുപറഞ്ഞ കമല്‍ഹാസനെ വെടിവച്ചുകൊല്ലണമെന്ന് ഹിന്ദുമഹാസഭ. അഖില ഭാരതീയ ഹിന്ദുമഹാസഭ ദേശീയ വൈസ്പ്രസിഡന്റ് അശോക് ശര്‍മയാണ് കമല്‍ഹാസനെതിരെ കൊലവിളി നടത്തിയത്.


ദ്രാവിഡസംസ്കാരത്തെ നശിപ്പിക്കാന്‍ തമിഴ്നാട്ടിലേക്ക് നുഴഞ്ഞുകയറുന്ന ഹിന്ദുത്വശക്തികളെക്കുറിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് തമിഴ് വാരിക ആനന്ദവികടനിലെ പംക്തിയിലൂടെ കമല്‍ നടത്തിയ പ്രതികരണമാണ് സംഘപരിവാര്‍ ശക്തികളെ ചൊടിപ്പിച്ചത്.


“ഹിന്ദുവിശ്വാസത്തെ അപമാനിച്ച അയാള്‍ക്ക് ഈ വിശുദ്ധനാട്ടില്‍ ജീവിക്കാന്‍ അവകാശമില്ല. കമല്‍ഹാസനെപ്പോലുള്ളവര്‍ കൊല്ലപ്പെടണം. എന്നാലെ ഇക്കൂട്ടര്‍ പാഠം പഠിക്കൂ”- ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അശോക് ശര്‍മ പറഞ്ഞു. കമല്‍ഹാസനും അദ്ദേഹത്തിന്റെ ബന്ധുക്കളും അഭിനയിക്കുന്ന ചിത്രങ്ങള്‍ ‘ഹിന്ദുക്കള്‍’ ബഹിഷ്കരിക്കണമെന്ന് എല്ലാ ഇന്ത്യക്കാരും പ്രതിജ്ഞയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുമഹാസഭ മീററ്റ് പ്രസിഡന്റ് അഭിഷേക് അഗര്‍വാള്‍ രംഗത്തെത്തി. ലഷ്കര്‍ ഇ തോയ്ബ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെ സ്വരമാണ് കമല്‍ഹാസനെന്ന് കഴിഞ്ഞദിവസം ബിജെപി ദേശീയ വക്താവ് ജി വി എല്‍ നരസിംഹറാവു ആക്ഷേപിച്ചിരുന്നു.

അതേസമയം, ഹിന്ദുത്വഭീകരത പരാമര്‍ശത്തിന്റെ പേരില്‍ സംഘപരിവാര്‍ ശക്തികള്‍ കമല്‍ഹാസനെതിരെ ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നല്‍കിയ കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് വാരാണസിയിലെ അഭിഭാഷകനായ കമലേഷ് ത്രിപാഠിയാണ് കോടതിയെ സമീപിച്ചത്. കേസ് 22ന് കോടതി വീണ്ടും പരിഗണിക്കും.
കമല്‍ഹാസനെതിരെ വധഭീഷണി മുഴക്കിയ വര്‍ഗീയ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കമല്‍ഹാസനെ നിശബ്ദനാക്കാന്‍ ഇത്തരം കൊലവിളികള്‍ക്കും ‘ഭീഷണികള്‍ക്കും ആവില്ലെന്നും മുഖ്യമന്ത്രി ഫെയ്സ്ബക്ക് പോസ്റ്റില്‍ പറഞ്ഞു. കമല്‍ഹാസന്റെ നിലപാടിനെ അനുകൂലിച്ച് പുരോഗമന യുവജനവിഭാഗങ്ങള്‍ രംഗത്തെത്തി. കമല്‍ഹാസന്റെ പ്രതികരണത്തെ ന്യായീകരിക്കുന്ന പ്രതികരണമാണ് ഹിന്ദുത്വശക്തികളില്‍നിന്ന് ഉണ്ടായിരിക്കുന്നതെന്ന് അവര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ചൂണ്ടിക്കാട്ടി. ‘മുമ്പ് ആശയംകൊണ്ട് എതിര്‍ശബ്ദങ്ങളെ നേരിട്ടവര്‍ ഇന്ന് എതിര്‍ശബ്ദം ഇല്ലാതാക്കാന്‍ ആയുധം ഉപയോഗിക്കുന്നു. ‘ഹിന്ദുഭീകരനുണ്ടെങ്കില്‍ കാണിച്ചുതരൂ എന്ന് ഹിന്ദുത്വശക്തികള്‍ക്ക് ഇനിയും വെല്ലുവിളിക്കാനാകില്ല’- എന്നാണ് കമല്‍ പംക്തിയില്‍ ചൂണ്ടിക്കാട്ടിയത്. മതത്തിന്റെപേരില്‍ ഭീതിപരത്തുന്നത് ഭീകരതയല്ലാതെ എന്താണെന്ന് നടന്‍ പ്രകാശ്രാജ് ട്വിറ്ററില്‍ ചോദ്യമുന്നയിച്ചു. നടന്‍ അരവിന്ദ്സ്വാമിയും കമല്‍ഹാസന് പിന്തുണയുമായെത്തി.



Sharing is Caring