കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതികള്‍ക്കെതിരെ യു.എ.പി.എ നിലനില്‍ക്കുമെന്ന് ഹൈകോടതി. യു.എ.പി.എ ചുമത്തിയത് ചോദ്യം ചെയ്ത് പി. ജയരാജന് ഉള്‍പ്പടെയുള്ള പ്രതികള്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളി. ഹരജിയില്‍ വാദം കേള്‍ക്കവെ കോടതി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ പ്രതികളെ സഹായിക്കുകയാണോയെന്ന് കോടതി ചോദിച്ചിരുന്നു. സത്യവാങ്മൂലത്തില്‍ നിരവധി പൊരുത്തക്കേടുകളുണ്ട്. യു.എ.പി.എ ചുമത്തിയതിനെതിരായ സത്യവാങ്മൂലം എങ്ങനെ നിലനില്ക്കും. പ്രതികളെ രക്ഷിക്കാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോടതി ആരാഞ്ഞിരുന്നു.യു.എ.പിഎ പ്രകാരം പ്രോസിക്യൂഷനുള്ള അനുമതിയധികാരം കേന്ദ്രം സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാര്‍ക്കു നല്‍കിയതാണെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെവാദം.
വാദം നീട്ടിവയ്ക്കണമെന്ന പി ജയരാജന്റെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അറിവില്ലാതെയാണ് യുഎപിഎ ചുമത്തിയതെന്നാണ് പ്രതികള്‍ വാദിച്ചിരുന്നത്. എന്നാല്‍ പ്രതികള്‍ക്കു നേരെ യുഎപിഎ ചുമത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഇന്നലെ വാദിച്ചിരുന്നു.

2014 സെപ്തംബറിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ടി കെ മനോജ് കൊല്ലപ്പെടുന്നത്. ഈ സംഭവത്തില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനടക്കമുള്ളവര്‍ പ്രതികളാണ്.













