തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ ഭർത്താവിന്റെ ഒത്താശയോടെ സുഹൃത്തുക്കൾ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ദേശീയ വനിതാകമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്നത് കമ്മീഷനെ അറിയിക്കണമെന്ന് ഡിജിപി ആർ. ശ്രീലേഖയോട് നിർദേശിക്കുകയും ചെയ്തു.
അതിനിടെ കഠിനംകുളം കൂട്ടബലാത്സംഗം ആസൂത്രിതമെന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവന്നു. പ്രതികളിൽ ഒരാൾ മാത്രമാണ് യുവതിയുടെ ഭർത്താവിന്റെ സുഹൃത്ത്. മറ്റുള്ളവരെ ഭർത്താവിന്റെ സുഹൃത്ത് വിളിച്ചു വരുത്തിയതാണെന്ന് പ്രതികൾ സമ്മതിച്ചു. സുഹൃത്തും ഭർത്താവും ചേർന്നാണ് യുവതിക്ക് മദ്യം നൽകിയത്. യുവതിയെ മറ്റുള്ളവർ തട്ടിക്കൊണ്ടുപോയിട്ടും ഭർത്താവും സുഹൃത്തും വീട്ടിൽ തുടരുകയാണ് ചെയ്തത്. യുവതിയെ രക്ഷിക്കാൻ ഭർത്താവ് തയ്യാറായില്ല. സംഭവം ആസൂത്രിതമാണെന്നതിനുള്ള വ്യക്തമായ സൂചനയാണിത്. കേസിൽ യുവതിയുടെ ഭർത്താവ് ഉൾപ്പെടെ ഏഴ് പേരാണ് പ്രതികൾ. ഏഴ് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.














