ഓട്ടോയില്‍ ഡ്രൈവറുടെ പീഡനശ്രമം: എടുത്തുചാടിയ യുവതിയ്ക്ക് ഗുരുതര പരിക്ക്


തിരുവനന്തപുരം: ദേശീയപാതയില്‍ തോന്നയ്ക്കല്‍ പതിനാറാം മൈലിന് സമീപം ഓട്ടോയില്‍ യാത്രക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിക്ക് റോഡില്‍വീണ് ഗുരുതര പരിക്കേറ്റു. മുഖത്തും മൂക്കിനും സാരമായി പരിക്കേറ്റ യുവതി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തിനുശേഷം മുങ്ങിയ ഓട്ടോ ഡ്രൈവറെ പിടികൂടാന്‍ പൊലീസ് വലവിരിച്ചു.ഇന്നലെ രാത്രി ഒന്പത് മണിയോടെയായിരുന്നു സമീപം. മേനംകുളം സ്വദേശിയായ 38 കാരിയാണ് ഓട്ടോക്കാരന്റെ ക്രൂരതയില്‍ നിന്ന് സാഹസികമായി രക്ഷപ്പെട്ടത്. ഭര്‍ത്താവിന്റെ മദ്യപാനം നിറുത്താന്‍ ലഹരിമുക്ത കേന്ദ്രത്തിലേക്ക് പോകുകയായിരുന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. ഭര്‍ത്താവിന്റെ സുഹൃത്തിന്റെ ഓട്ടോറിക്ഷയിലാണ് ഭര്‍ത്താവുമൊത്ത് യുവതി യാത്രചെയ്തത്.


കഴക്കൂട്ടം ജംഗ്ഷനില്‍ ഓട്ടോ വേഗത കുറച്ചപ്പോള്‍ ഭര്‍ത്താവ് ഓട്ടോയില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. ഓട്ടോക്കാരനും യുവതിയും ചേര്‍ന്ന് കഴക്കൂട്ടത്ത് ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഈ സമയം ഓട്ടോക്കാരന്‍ പോത്തന്‍കോട്ട് ഒരു ലഹരി മുക്ത കേന്ദ്രമുണ്ടെന്നും അവിടെ പോയാല്‍ മദ്യപാനം നിര്‍ത്താന്‍ മരുന്ന് ലഭിക്കുമെന്നും പറഞ്ഞ് ഓട്ടോയില്‍ യുവതിയെ കൂട്ടിക്കൊണ്ടുപോയി. എന്നാല്‍, മംഗലപുരത്തുവച്ച്‌ പോത്തന്‍കോടേക്കുള്ള വഴിയേ തിരിയാതെ നേരേ ആറ്റിങ്ങല്‍ ഭാഗത്തേക്കാണ് ഓട്ടോ ഓടിച്ചത്. രാത്രിയായതിനാല്‍ യുവതിക്ക് എങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലായില്ല. വഴിയില്‍ ഓട്ടോക്കാരന്‍ യുവതിയെ കടന്നുപിടിച്ചു. ഇത് ചെറുത്ത യുവതിയോട് വീണ്ടും മോശമായി പെരുമാറാന്‍ തുടങ്ങി. ഭയന്ന് നിലവിളിച്ച യുവതി ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. അപ്പോഴേക്കും ഓട്ടോ തോന്നയ്ക്കല്‍ പിന്നിട്ട് പതിനാറാം മൈലില്‍ എത്തി. ഇവര്‍ ഓട്ടോയില്‍ നിന്ന് പുറത്തേക്ക് ചാടി.


വഴിയാത്രക്കാര്‍ യുവതിയില്‍ നിന്ന് വിവരങ്ങള്‍ മനസിലാക്കിയശേഷം മംഗലപുരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി യുവതിയെ ആദ്യം ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ഇയാള്‍ക്കായി അന്വേഷണം തുടരുന്നതായി പൊലീസ് പറഞ്ഞു.



Sharing is Caring