ഒഡീഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അനുശോചിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അപകട വാര്‍ത്ത ഹൃദയം തകര്‍ക്കുന്നതാണ്. യു.എസ് പ്രഥമ വനിത ജില്‍ ബൈഡനും ഞാനും ഇന്ത്യയിലെ ട്രെയിന്‍ ദുരന്തം അറിഞ്ഞ് ഹൃദയം തകര്‍ന്നിരിക്കുകയാണ്.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അത് താങ്ങാനുള്ള കരുത്ത് നല്‍കണമെന്ന് പ്രാര്‍ഥിക്കുന്നു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ളവര്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കുന്നുവെന്ന് ബൈഡന്‍ പറഞ്ഞു.യു.എസും ഇന്ത്യയും തമ്മില്‍ ആഴത്തിലുള്ള ബന്ധമുണ്ട്. ഇന്ത്യയിലെ ജനങ്ങളുടെ വേദനയില്‍ അമേരിക്കന്‍ ജനതയും പങ്കുചേരുന്നു. ഈ വേദനയില്‍ നിന്ന് മുക്തി നേടാന്‍ ശ്രമിക്കുന്നവരെ ഞങ്ങള്‍ ചേര്‍ത്ത് പിടിക്കുന്നുവെന്നും അദേഹം പറഞ്ഞു.

അതേസമയം, അപകടത്തില്‍ മരിച്ചവരുടെ എണ്ണം 288 ആയി ഉയര്‍ന്നതായി റെയില്‍വേ വ്യക്തമാക്കി. 803 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 56 പേരുടെ പരുക്ക് ഗുരുതരമാണ്. രക്ഷാദൗത്യം പൂര്‍ത്തിയായി. ഗതാഗതം പുനഃസ്ഥാപിക്കാന്‍ നടപടി തുടങ്ങിയെന്ന് റെയില്‍വേ അറിയിച്ചു.













