ഐ എസ് എല്‍ ഇടവേള കഴിഞ്ഞു, ഇന്ന് കോപ്പല്‍ ഡെല്‍ഹിയില്‍


ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ ഇടവേള കഴിഞ്ഞ് ഇന്ന് ഐ എസ് എല്‍ പുനരാരംഭിക്കും. സ്റ്റീവ് കോപ്പലിന്റെ എ ടി കെ കൊല്‍ക്കത്ത ഡെല്‍ഹിയില്‍ ചെന്ന് ഡെല്‍ഹി ഡൈനാമോസിനെ നേരിട്ടു കൊണ്ടാകും ഐ എസ് എല്ലിന്റെ പുനരാരംഭം. കളിച്ച രണ്ടു മത്സരങ്ങളും തോറ്റ എ ടി കെ കൊല്‍ക്കത്ത ഇന്ന് വിജയം മാത്രമാകും ലക്ഷ്യമിടുന്നത്. സ്റ്റീവ് കോപ്പലിന്റെ മുന്‍ ടീമുകളെ പോലെ ഗോള്‍ അടിക്കാന്‍ എ ടി കെയും കഷ്ടപ്പെടുന്നതാണ് കാണാന്‍ കഴിയുന്നത്.


രണ്ട് മത്സരങ്ങള്‍ കഴിഞ്ഞിട്ടും എ ടി കെ കൊല്‍ക്കത്ത ഒരു ഗോള്‍ നേടിയിട്ടില്ല. നോര്‍ത്ത് ഈസ്റ്റിനോടും കേരള ബ്ലാസ്റ്റേഴ്സിനോടും സ്വന്തം ഹോമില്‍ ഇറങ്ങിയിട്ടും മോശം പ്രകടനമായിരുന്നു എ ടി കെയില്‍ നിന്ന് ഉണ്ടായത്. ലാന്‍സരോട്ടെയെ പോലുള്ള സൂപ്പര്‍ താരങ്ങള്‍ ഫോമില്‍ എത്താത്തതും കോപ്പലിന്റെ തലവേദനയാണ്. ഇന്ന് കാലു ഉചെ ആദ്യ ഇലവനില്‍ ഉണ്ടാകും എന്ന് കോപ്പല്‍ അറിയിച്ചിട്ടുണ്ട്. ഉചെയുടെ ഡെല്‍ഹിയിലേക്കുള്ള മടക്കം കൂടിയാകും ഇന്നത്തേത്. കഴിഞ്ഞ‌ സീസണില്‍ ഡെല്‍ഹിയുടെ ഏറ്റവും മികച്ച താരമായിരുന്നു ഇപ്പോ എ ടി കെ ജേഴ്സിയില്‍ ഉള്ള ഉചെ.


മറുവശത്ത് ഡെല്‍ഹി ഡൈനാമോസ് അവസാന ഏഴു മത്സരങ്ങളില്‍ ഐ എസ് എല്ലില്‍ പരാജയം അറിഞ്ഞിട്ടില്ല എന്ന മികച്ച റെക്കോര്‍ഡിലാണ്. ഈ സീസണില്‍ ജോസഫ് ഗോംബുവിന് കീഴില്‍ ആദ്യ മത്സരത്തിന് ഇറങ്ങിയ ഡെല്‍ഹി മികച്ച പ്രകടനം കാഴ്ചവെച്ചായിരുന്നു പൂനെക്കെതിരെ സമനില വഴങ്ങിയത്. കളിയുടെ 88ആം മിനുട്ടില്‍ ആയിരുന്നു ഡെല്‍ഹി അന്ന് വിജയം കൈവിട്ടത്.



Sharing is Caring