എസ്പിയില്‍ വീണ്ടും പ്രതിസന്ധി; പാര്‍ട്ടി പിടിക്കാന്‍ പൊരിഞ്ഞ പോര്


ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ അനിശ്ചിതാവസ്ഥ അവസാനിക്കാതെ സമാജ്‌വാദി പാര്‍ട്ടി. മുഖ്യമന്ത്രി അഖിലേഷ് യാദവ് എസ്പിയിലേക്ക്് തിരിച്ചെടുക്കപ്പെട്ടതിന് പിന്നാലെ പാര്‍ട്ടി പിടിക്കാന്‍ ഇരുവിഭാഗവും പരസ്യമായ നീക്കം തുടങ്ങി. ഇന്നലെ രാംഗോപാല്‍ യാദവ് വിളിച്ചു ചേര്‍ത്ത സമ്മേളനത്തില്‍ അഖിലേഷിനെ ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചു. മുലായം സിംഗ് യാദവാണ് നിലവിലെ ദേശീയ അധ്യക്ഷന്‍.


അഖിലേഷിന്റെ എതിരാളിയും മുലായത്തിന്റെ സഹോദരനുമായ ശിവ്പാല്‍ യാദവിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കുകയും അടുത്തിടെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയ അമര്‍ സിങ്ങിനെ പുറത്താക്കുകയും ചെയ്തു. എന്നാല്‍ ഇത് നിയമവിരുദ്ധമാണെന്ന് പറഞ്ഞ മുലായം സമ്മേളനം സംഘടിപ്പിച്ച രാംഗോപാലിനെയും പങ്കെടുത്ത വൈസ് പ്രസിഡണ്ട് കിരണ്‍മയി നന്ദയെയും ആറ് വര്‍ഷത്തേക്ക് പുറത്താക്കി. വ്യാഴാഴ്ച കണ്‍വെന്‍ഷന്‍ വിളിക്കുമെന്നും മുലായം വ്യക്തമാക്കി. ഇതിനിടെ ലക്‌നൗവിലെ പാര്‍ട്ടി ഓഫീസ് പിടിച്ചെടുക്കാന്‍ ശിവ്പാലിന്റെയും അഖിലേഷിന്റെയും അനുയായികള്‍ തെരുവില്‍ തല്ലി.


തന്റെ അനുയായികള്‍ക്ക് സീറ്റ് നല്‍കാത്തത്തില്‍ പ്രതിഷേധിച്ച് അഖിലേഷ് സ്വന്തം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് അഖിലേഷിനെയും രാംഗോപാലിനെയും ആറ് വര്‍ഷത്തേക്ക് മുലായം പുറത്താക്കി. ഭൂരിഭാഗം എംഎല്‍എമാരും അഖിലേഷിനെ പിന്തുണച്ചപ്പോള്‍ 24 മണിക്കൂര്‍ തികയും മുന്‍പ് തിരിച്ചെടുത്തു. തുടര്‍ന്നാണ് പാര്‍ട്ടി കൈപ്പിടിയിലാക്കാന്‍ അഖിലേഷ് ശ്രമം ആരംഭിച്ചത്.

അയ്യായിരത്തോളം പ്രവര്‍ത്തകര്‍ ഇന്നലെ അഖിലേഷിന്റെ യോഗത്തില്‍ സംബന്ധിച്ചു. മറ്റാരെക്കാളും താന്‍ പിതാവായ മുലായത്തെ സ്‌നേഹിക്കുന്നുണ്ടെന്ന് അഖിലേഷ് പറഞ്ഞു. പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയാല്‍ ഏറ്റവുമധികം സന്തോഷിക്കുക മുലായമായിരിക്കും. അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കേണ്ടത് തന്റെ കടമയാണെന്ന് അമര്‍ സിങ്ങിനെയും ശിവ്പാലിനെയും സൂചിപ്പിച്ച് അഖിലേഷ് പറഞ്ഞു.



Sharing is Caring