ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ചോദ്യപേപ്പറുകൾ മുൻവർഷങ്ങളെ അപേക്ഷിച്ച് അതീവ കടുപ്പമേറിയതാകുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് വിദ്യാഭ്യാസ വകുപ്പ്.
ഇത്തരത്തിലുള്ള തെറ്റായ പ്രചാരണങ്ങൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അനാവശ്യമായി ആശങ്കയിലാഴ്ത്തുകയാണെന്നും പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.പരീക്ഷാ നടത്തിപ്പിലോ ചോദ്യപേപ്പർ ഘടനയിലോ കുട്ടികളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല.

പരീക്ഷാപേടി ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള ബോധവൽക്കരണ പരിപാടികളുമായി മുന്നോട്ട് പോകുമ്പോൾ ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ ആത്മവിശ്വാസം തകർക്കുന്ന നീക്കങ്ങളിൽ നിന്ന് എല്ലാവരും പിന്തിരിയണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു.
വ്യാജ വാർത്തകൾ ചമയ്ക്കുന്നവർക്കും അത് സമൂഹമാധ്യമങ്ങൾ വഴി പങ്കുവെക്കുന്നവർക്കുമെതിരെ സൈബർ പോലീസിന്റെ സഹായത്തോടെ കർശന നിയമനടപടികൾ സ്വീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.













