എസ് പിയെ അധിക്ഷേപിച്ചതിന് മാപ്പ് പറയണമെന്ന ആവശ്യം തള്ളി പി വി അന്‍വര്‍ എം എല്‍ എ


എസ് പിയെ അധിക്ഷേപിച്ചതിന് മാപ്പ് പറയണമെന്ന ആവശ്യം തള്ളി പി വി അന്‍വര്‍ എം എല്‍ എ. ഐ പി എസ് അസ്സോസിയേഷന്‍ അങ്ങനെ ആവശ്യപ്പെടാന്‍ ഇടയില്ല. എസ് പിയാണ് മലപ്പുറം ജില്ലക്കാരോട് മാപ്പ് പറയേണ്ടതെന്നും സ്വകാര്യ ചാനലിനോട് സംസാരിക്കവേ അന്‍വര്‍ പ്രതികരിച്ചു.


അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്ക് താന്‍ പറഞ്ഞതിന്റെ അര്‍ഥമറിയാം. മലപ്പുറം എസ് പി നല്ല ഉദ്യോഗസ്ഥനല്ല. അദ്ദേഹത്തിന് പൂജ്യം മാര്‍ക്കേ നല്‍കാന്‍ കഴിയൂ. പൊതു പ്രവര്‍ത്തകരോട് എസ് പിക്ക് ബഹുമാനമില്ല. കൈക്കൂലി വാങ്ങില്ലായിരിക്കാം. എന്നാല്‍, അതിനപ്പുറമുള്ള അക്രമമാണ് അദ്ദേഹം ചെയ്യുന്നത്. പെറ്റിക്കേസുകള്‍ക്ക് ടാര്‍ഗറ്റ് വച്ച് നാട്ടുകാരെയും സഹപ്രവര്‍ത്തകരെയും ബുദ്ധിമുട്ടിക്കുന്നു. എന്റെ വീട്ടുകാര്യത്തിന് അദ്ദേഹത്തിന്റെ അടുത്ത് പോയിട്ടില്ലെന്നും എം എല്‍ എ പറഞ്ഞു.


പരിപാടിക്ക് അദ്ദേഹം വൈകിയെത്തിയത് മനപ്പൂര്‍വമാണ്. മുഖ്യമന്ത്രിയോടു വരെ എസ് പി മോശമായി പെരുമാറിയേക്കും. അദ്ദേഹം ജനവിരുദ്ധനും ഈഗോയിസ്റ്റുമാണ്. രാഷ്ട്രീയ താത്പര്യം വച്ചാണ് പെരുമാറുന്നത്. അതുവച്ച് എന്റെ ദേഹത്ത് കയറേണ്ട. പോലീസ് പൊതുപ്രവര്‍ത്തകരെ ബഹുമാനിക്കാത്ത പ്രവണത വര്‍ധിച്ചു വരികയാണെന്നും എം എല്‍ എ ആരോപിച്ചു.



Sharing is Caring