എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം, ഉപദേശനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം: ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് തിരുവനന്തപുരത്ത് കൊവിഡ് രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിലെ ആളുകളെ നിരീക്ഷിക്കുന്നതിനും അവര്‍ പുറത്ത് പോകാതെ സൂക്ഷിച്ചുകൊണ്ട് അവരെയാകെ പരിശോധിക്കാന്‍ വേണ്ടിയുമാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ലോക്ക്ഡൗണില്‍ നാം വിജയിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും എന്നാല്‍ കൊവിഡ് വൈറസ് എന്നത് വളരെ പ്രയാസകരമായ ഒരു വൈറസ് ആണെന്ന് നാം മനസിലാക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.


ഒരു നിമിഷം പോലും പാഴാക്കാതെ കണ്ണും കാതും തുറന്നിരുന്ന് നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരും പൊലീസും ക്ഷീണിച്ചുവെന്നും എന്നിരുന്നാലും അവര്‍ തളരാതെ നോക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ ഫലം നമ്മുക്ക് ഇതുവരെ ഉണ്ടായിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കാര്യങ്ങള്‍ കൈവിട്ട് പോകില്ല എന്നുതന്നെയാണ് കരുതുന്നത്. പക്ഷെ വളരെ കര്‍ശനമായ നടപടികളിലേക്ക് നാം പോകേണ്ടതുണ്ട്. ആള്‍ക്കാര്‍ കൂട്ടം കൂടരുത്. കൈകള്‍ കഴുകണം. മാസ്ക് ധരിക്കണം. വ്യക്തിപരമായി അകലം പാലിക്കണം. ഓരോ വ്യക്തിക്കും ഇതില്‍ ഉത്തരവാദിത്തമുണ്ട്. ഇക്കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും സര്‍ക്കാരും ആരോഗ്യ വകുപ്പും നല്‍കുന്ന ഉപദേശനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.


മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കൊണ്ടുവരാനുള്ള തീരുമാനം കൈക്കൊണ്ടത്. നാളെ രാവിലെ ആറ് മണി മുതല്‍ ഒരാഴ്ചത്തേക്കാണ് ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലുള്ള പ്രദേശങ്ങളിലാണ് നിയന്ത്രണമുണ്ടാകുക.

തലസ്ഥാനത്തെ ജനങ്ങളെല്ലാം അവരവരുടെ വീട്ടില്‍ തന്നെ തുടരണം എന്നാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ഡി.ജി.പി ലോക്നാഥ് ബെഹ്‌റ വ്യക്തമാക്കി. കടകള്‍ പ്രവര്‍ത്തിക്കുമെന്നും എന്നാല്‍ പോയി വാങ്ങാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. മരുന്ന് കടകളില്‍ പോകാന്‍ സത്യവാങ്മൂലം നല്‍കേണ്ടതുണ്ട്.



Sharing is Caring