ശബരിമല തീര്‍ഥാടകര്‍ക്കുവേണ്ടി പത്തനംതിട്ട ജില്ലയിലെ എരുമേലിയില്‍ വിമാനത്താവളം വേണമെന്ന ആവശ്യം സംസ്ഥാനം കേന്ദ്രത്തിന് മുന്നില്‍ ഉന്നയിച്ചു. കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം. സ്ഥലം കണ്ടെത്തി നല്‍കിയാല്‍ വിമാനത്താവളത്തിന് അനുമതി നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.എരുമേലിയില്‍ വിമാനത്താവളത്തിനുവേണ്ടി സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അക്കാര്യം കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എത്തുന്ന വിനോദ സഞ്ചാരികള്‍ക്കുവേണ്ടി രണ്ട് എയര്‍ സ്ട്രിപ്പുകള്‍ക്ക് അനുമതി നല്‍കണമെന്ന ആവശ്യവും സംസ്ഥാനം മുന്നോട്ടുവച്ചിട്ടുണ്ട്. ബേക്കലിലും ഇടുക്കിയിലും ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇറക്കുന്നതിന് എയര്‍ സ്ട്രിപ്പുകള്‍ വേണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുള്ളത്.













